ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ അച്ഛനുമെതിരെ ഗുരുതര പരാതി

Advertisement

വയനാട്. വെണ്ണിയോട് ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി ബന്ധുക്കള്‍. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കല്‍ ഓംപ്രകാശിന്‍റെ ഭാര്യ ദര്‍ശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകള്‍ ദക്ഷയുമായി പുഴയില്‍ ചാടിയത്

ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, ഭര്‍ത്താവിന്‍റെ അച്ഛന്‍ റിഷഭരാജന്‍ എന്നിവരാണ് മകളുടെ മരണത്തിന് കാരണമെന്ന് വിശാലാക്ഷി വിതുമ്പലോടെ പറയുകയാണ്.
. ദര്‍ശനയെ രണ്ട് തവണ ഓംപ്രകാശ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുമ്പ് വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണം ഭര്‍ത്താവിന്‍റെ അച്ഛന്‍ കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോള്‍ നല്‍കാത്തതുമുതല്‍ പീഡനം തുടങ്ങിയതയാണ് പരാതി. ദര്‍ശനയെ ഇരുവരും മര്‍ദിക്കാറുണ്ടെന്നും പരാതിയുണ്ട്

ശാരീരിക മാനസിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ല. മകള്‍ ദക്ഷയെ കരുതിയാണ് പോകരുതെന്നാവശ്യപ്പെട്ടിട്ടും ദര്‍ശന ഭര്‍ത്താവിന്‍റെ വീട്ടില്‍ പോയത്. ഭര്‍ത്താവിന്‍റെ അച്ഛന്‍ ദര്‍ശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നതുമായ സംഭാഷണം വീട്ടുകാര്‍ പുറത്തുവിട്ടു.

ദര്‍ശനയുടെയും മകളുടെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. വീട്ടുകാരുടെ പരാതിയില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവ് അറിയിച്ചു.

Advertisement