കോട്ടയം. പുതുപ്പള്ളിയുടെ മണ്ണിൽ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവിന് ഇനി അന്ത്യവിശ്രമം.സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയത്.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടായിരുന്നില്ല. പള്ളിക്ക് മുന്നിൽ പതിനായിരങ്ങളാണ് ഭൗതിക ശരീരം കാണാനെത്തിയത്….
വിലാപ യാത്രയ്ക്കും കാരോട്ട് വള്ളക്കാലിലെ ശുശ്രൂഷകൾക്കും ശേഷം ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി വലിയ പള്ളിയിൽ എത്തിച്ചപ്പോൾ സമയം രാത്രി 9 മണി. എന്നാൽ വലിയ ജനക്കൂട്ടം പള്ളികവാടത്തിനു മുന്നിൽ തങ്ങളുടെ കുഞ്ഞുഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിന്നിരുന്നു..
രാഹുൽ ഗാന്ധി, എ കെ ആന്റണി, പ്രതിപക്ഷ നേതാവ്, സംസ്ഥാന മന്ത്രിമാർ, MLA മാർ, എംപി മാർ തുടങ്ങിയ നിരവധി പ്രമുഖർ പള്ളിയിൽ എത്തി. 20 ബിഷപ്പുമാരും 100ഓളം വൈദികരും പങ്കെടുത്ത സംസ്‌കാര ചങ്ങുകള്‍ക്ക്
ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ശുശ്രൂഷകളിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും പങ്കെടുത്തു. പള്ളിയുടെ കിഴക്ക് വശത്തായി വേദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ ഒരുക്കിയത്.
പുതുപ്പള്ളിക്കും ഇടവകയ്ക്കും നൽകിയ സേവനത്തിനോടുള്ള ആദരസൂചകമായി പ്രിയ നേതാവിനായി പ്രത്യേക കല്ലറയൊരുക്കാൻ ദേവാലയ അധികൃതർ തീരുമാനിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.