കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍; രണ്ട് പേര്‍ കീഴടങ്ങി

Advertisement

തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര്‍ കീഴടങ്ങി. മുഖ്യപ്രതി വാഴക്കോട് മണിയന്‍ചിറ റോയ് ജോസഫ്, നാലാം പ്രതി മുള്ളൂര്‍ക്കര വാഴക്കോട് മുത്തുപണിക്കല്‍ വീട്ടില്‍ ജോബി എം. ജോയ് എന്നിവരാണ് കീഴടങ്ങിയത്. വനം വകുപ്പിന്റെ മച്ചാട് റെയ്ഞ്ച് ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.
സംഭവ ശേഷം ഇരുവരും ഒളിവിലായിരുന്നു. ഇരുവരും വിവിധ സ്ഥലങ്ങളില്‍ യാത്രയിലായിരുന്നുവെന്നും പറയുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. കേസില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ നാലായി. കേസില്‍ ഉള്‍പ്പെട്ട ഏതാനും ചിലര്‍ കൂടിയുണ്ട്. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. നേരത്തെ ഒരു കൊമ്പിന്റെ പകുതി മുറിച്ചു കടത്തി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കോടനാട് വനം വകുപ്പ് അധികൃതര്‍ പിടികൂടിയ പട്ടിമറ്റം താരച്ചാലില്‍ അഖില്‍ മോഹനന്‍, വിനയന്‍ എന്നിവര്‍ റിമാന്‍ഡിലാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. 15നു കുഴിച്ചു മൂടിയെന്നും കാട്ടു പന്നിയെ പിടികൂടാന്‍ വച്ച വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നുമാണ് പ്രതികള്‍ പറയുന്നത്. ഈ മാസം 14നാണ് ജഡം പുറത്തെടുത്തത്. ആനയെ കുഴിച്ചിടാന്‍ എത്തുകയും കൊമ്പിന്റെ പകുതി മുറിച്ചു മാറ്റി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഖില്‍ മോഹനനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിനയന്‍ കൊമ്പ് വില്‍ക്കാന്‍ അഖിലിനെ സഹായിക്കുകയായിരുന്നു.

Advertisement