അന്‍വറിന്‍റെ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ വീണ്ടും സമയം നീട്ടിനല്‍കി

Advertisement

കൊച്ചി. പി.വി.അൻവർ എം.എൽ എ യുടെയും കുടുംബത്തിന്റെയും പക്കലുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ വൈകിയതിന് കണ്ണൂർ സോണൽ ലാന്റ് ബോർഡ് ചെയർമാന്റെ നിരുപാധിക മാപ്പപേക്ഷ . ഭൂമി തിരിച്ചു പിടിക്കാനായി 3 മാസം കൂടി സമയം വേണമെന്നും ലാന്റ് ബോർഡ് ചെയർമാൻ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു. സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 18 ലേക്ക് മാറ്റി. മിച്ച ഭൂമി തിരിച്ചു പിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടു പോകവെയാണ് റവന്യൂ വകുപ്പ് നിരുപാധിക മാപ്പപേക്ഷ നൽകി സാവകാശം തേടിയത്. നേരത്തെ ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സമയം ആവശ്യപെട്ട് സമർപ്പിച്ച ഹർജികളും ഹൈകോടതിയുടെ പരിഗണനയിലുണ്ട്.
പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് കെ.വി ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യഹര്‍ജിയില്‍ 2022 ജനുവരി 13നായിരുന്നു ഹൈക്കോടതി രണ്ടാമത് ഉത്തരവിട്ടത്.
എന്നാല്‍ എം.എല്‍.എയായ അന്‍വറിന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധികഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Advertisement