തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 24ന് ബംഗാൾ ഉൾക്കടലിനു മുകളില്‍ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക ജാഗ്രതാ നിർദേശം നൽകി.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 21 മുതൽ 25 വരെ മത്സ്യബന്ധനം നിരോധിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്നാട്, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ജൂലൈ 21, 22 ദിവസങ്ങളിൽ കേരളാതീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.