മണവാട്ടിയായി പരീക്ഷ എഴുതി അമീന വിവാഹ പന്തലിലേക്ക് നടന്നു

Advertisement

പാങ്ങോട്: വിവാഹത്തിന്റെയും പരീക്ഷയുടെയും തീയതി ഒരേ ദിവസം, മണവാട്ടിയുടെ വേഷത്തിലെത്തി പരീക്ഷ എഴുതി അമീന ബിൻഷ വിവാഹ പന്തലിലേക്ക് നടന്നു. പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാം വർഷ ഇക്കണോമിക്സ് മീഡിയാ സ്റ്റഡീസ് വിദ്യാർഥിനിയാണ് അമീന. വിവാഹ തീയതി നിശ്ചയിച്ചതിനുശേഷമാണ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ടൈം ടേബിൾ സർവ്വകലാശാല പ്രസിദ്ധീകരിച്ചത്.

വിവാഹദിനത്തിൽ എത്തിയ പരീക്ഷയെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. നസീറും അധ്യാപകരും വീട്ടുകാരും സഹപാഠികളും പിന്തുണ അറിയിച്ചതോടെ അമീന പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു.

ജീവിതത്തിലെ നിർണായക ദിനത്തിൽ പരീക്ഷ ഹാളിൽ എത്തിയതിൽ അമീനക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. പക്ഷേ, അമീനയെ മണവാട്ടിയുടെ വേഷത്തിൽ കണ്ട കൗതുകത്തിൽ സഹപാഠികൾക്കുണ്ടായ സന്തോഷം ആ ആശങ്ക മായ്ച്ചു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടയിൽ പഠിച്ച പാഠങ്ങൾ പരീക്ഷയിൽ നന്നായി എഴുതാനായതിന്റെ സംതൃപ്തിയിൽ അമീന ബിൻഷ വിവാഹിതയുമായി.

വിവാഹ ചടങ്ങുകൾ നടന്നത് കോളേജിനടുത്തുള്ള ഓഡിറ്റോറിയത്തിൽ ആയതിനാൽ സഹപാഠികൾക്കും അധ്യാപകർക്കും അമീനയുടെ വിവാഹത്തിൽ പങ്കെടുക്കാനുമായി.

Advertisement