തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇത് സംബന്ധിച്ച് കുട്ടികളുടെ ഭാഗത്തു നിന്ന് പരാതികളും ലഭിച്ചു. ഇങ്ങനെ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും ബലാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ ആരോപിച്ചിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇക്കഴിഞ്ഞ മേയ് മാസം നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജൂലൈ 19ന് സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ എല്‍.പി, യു.പി, ഹൈസ്‍കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കും ഈ സര്‍ക്കുലര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.