വാർത്താനോട്ടം

Advertisement

2023 ജൂലൈ 23 ഞായർ

കേരളീയം

‘🙏അധികാരത്തിനു
വേണ്ടി വിദ്വേഷം പ്രചരിപ്പിച്ച് മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച് കലാപഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനം പുനസ്ഥാപിക്കേണ്ടവരാണു കലാപം ആളിക്കത്തിച്ചത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ കാണാന്‍ കഴിയൂ. മുഖ്യമന്ത്രി പറഞ്ഞു.

🙏മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് 27 ന് സേവ് മണിപ്പൂര്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്ലാ നിയോജകമണ്ഡലങ്ങളിലും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ ആയിരത്തിലേറെ പേരെ പങ്കെടുപ്പിച്ച് പ്രതിഷേധിക്കും.

🙏സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് മൂന്നു മാസം മുതല്‍ 12 മാസം വരെ സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്വേഷണങ്ങള്‍ നീണ്ടുപോകാതിരിക്കാന്‍ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്.

🙏കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളില്‍നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനു പരാതി ലഭിച്ചിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

🙏40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും 45 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്കു മാത്രമായിരുന്നു സ്വകാര്യ ബസുകളില്‍ യാത്ര ഇളവ് അനുവദിച്ചിരുന്നത്.

🙏ക്രിമിനല്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പോലീസ് എസ്ഐ അടക്കം രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷ. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ ആയിരുന്ന പ്രഭാകരന്‍ നായര്‍, കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന മുഹമ്മദ് അഷ്റഫിന്‍ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
.

🙏കണ്ണൂര്‍ മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്ക് പി. തപസ്യയെ ഡിഎംഓ സസ്പെന്‍ഡ് ചെയ്തു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തി.

🙏ഡിവിഷന്‍ നിലനിര്‍ത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും 21 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടിയെന്നു വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴു വര്‍ഷം തടവു ശിക്ഷ. കൊല്ലം ജോണ്‍ എഫ് കെന്നഡി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ എസ്. രമാകുമാരിയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

🙏ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ ചാണ്ടിയാകാനാണ് ശ്രമിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദരാജ്ഞലി അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പുതുപ്പള്ളിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

🙏മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ പരാമര്‍ശം നടത്തിയെന്ന കേസില്‍ പോലീസ് സിനിമാനടന്‍ വിനായകന്റെ മൊഴിയെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണു മൊഴിയെടുത്തത്. വിനായകന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്ന് വിനായകന്‍ പറഞ്ഞു.

🙏പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടത്തും. 2023- 24 അധ്യയന വര്‍ഷം മുതല്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് മാസത്തിലെ ഒന്നാം വര്‍ഷ പൊതുപരീക്ഷകള്‍ക്കൊപ്പമാണു നടത്തുക.

🙏തൃശൂര്‍ ചേറ്റുവയില്‍നിന്നു മത്സ്യബന്ധനത്തിനു പോയി എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ കാവടി എന്ന വള്ളവും അമ്പതു മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് കെട്ടിവലിച്ച് കരയിലെത്തിച്ചു.

🙏വിയ്യൂര്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ കൈയ്യേറ്റം ചെയ്ത കേസില്‍ ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ സ്വദേശികളായ ആകാശ് തില്ലങ്കേരി (29 ), കെ.വി. ജിജോ (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. സെല്ലിനകത്തെ ദൃശ്യങ്ങള്‍ കാണാതിരിക്കാന്‍ സിസിടിവി കാമറ തുണിവച്ച് മറച്ചതും ഫോണ്‍ ഉപയോഗിക്കുന്നതും ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്.

🙏അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാവ് പി. ജയരാജന്‍ സിബിഐക്ക് കത്തയച്ചു. കെ.സുധാകരന്‍ പൊലീസിനെ വിരട്ടിയാണ് കേസില്‍ എഫ്ഐആര്‍ ഇട്ടതെന്ന ബിആര്‍എം ഷെഫിറിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആവശ്യം.

🙏ഒന്നര മാസംകൊണ്ട് 5,516 ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കി. ഈ കാലയളവില്‍ 3029 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 18,079 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും നല്‍കിയിട്ടുണ്ട്.

🙏ആലപ്പുഴ തായങ്കരയില്‍ കാര്‍ കത്തി മരിച്ചത് കാറുടമ എടത്വാ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് (49) ആണെന്നു സ്ഥിരീകരിച്ചു. മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കി ഇറങ്ങിപ്പോകാറുള്ള ഇയാള്‍ വീടിന്റെ ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തിക്കുമെന്നു ഭീഷണിപ്പെടുത്താറുണ്ട്. ഈ രേഖകളെല്ലാം കാറിലിട്ട് പെട്രോള്‍ ഒഴിച്ചു കത്തിച്ചു.

🙏സ്‌കൂളിനു മുന്നിലെ റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടാണെന്നും പോലീസിനെ നിയോഗിച്ചു സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്തില്‍ നടപടിയെടുത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോഴിക്കോട് വട്ടോളി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ നാലാം ക്ലാസ് ബി യില്‍ പഠിക്കുന്ന ആര്‍. ശിവാനി അയച്ച കത്തനുസരിച്ച് സ്‌കൂളിനു മുന്നില്‍ പോലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചു.

🙏താമരശേരി രൂപതയിലെ വൈദികന്‍ തോമസ് പുതിയപറമ്പിലിനെ സസ്പെന്‍ഡു ചെയ്തു. സഭാ നേതൃത്വത്തെ വിമര്‍ശിച്ചതിനും ചുമതലകള്‍ ഏറ്റെടുക്കാത്തതിനുമാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നടപടിയെടുത്തത്.

🙏പൊന്നാനിയില്‍ ഭാര്യ സുലൈഖയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് തിരൂര്‍ പടിഞ്ഞാറെ കരയിലെ യൂനുസ് കോയക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

ദേശീയം

🙏മണിപ്പൂര്‍ കാക്ച്ചിങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നു. കാക്ച്ചിങ്ങിലെ സെറൗലില്‍ കഴിഞ്ഞ മെയ് 28 നാണ് ദാരുണ സംഭവം. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ ചുരാചന്ദിന്റെ 80 കാരിയായ ഭാര്യ ഇബിത്തോബിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

🙏 ഇതേസമയം, മണിപ്പൂരില്‍ യുവതികളെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിലെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍, സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

🙏മുന്‍ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സഹോദരി വൈ എസ് ശര്‍മിള രഹസ്യ മൊഴി നല്‍കി. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛന്‍ ഭാസ്‌കര്‍ റെഡ്ഡിക്കുമെതിരെയാണ് ശര്‍മിളയുടെ മൊഴി.

🙏ചത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ കൃഷിവകുപ്പു ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥ രാണു സാഹുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചര കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.

🙏തിഹാര്‍ ജയിലില്‍നിന്ന് കാഷ്മീര്‍ വിഘടനാവാദി നേതാവ് യാസിന്‍ മാലിക്കിനെ അനുമതിയില്ലാതെ സുപ്രീം കോടതിയില്‍ എത്തിച്ച സംഭവത്തില്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പെടെ നാലു ജയില്‍ ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. സ്വയം കേസ് വാദിക്കാനെന്ന പേരില്‍ കോടതിയില്‍ എത്തിയ യാസിന്‍ മാലിക്കിനെ കണ്ട് സുപ്രീം കോടതി ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു.

🙏റെയില്‍ സുരക്ഷയ്ക്ക് അഞ്ചു വര്‍ഷം കേന്ദ്രം ചെലവഴിച്ചത് ലക്ഷം കോടി രൂപ. 2017 – 18 മുതല്‍ 2021 – 22 വരെയുള്ള കണക്കാണിതെന്ന് രാജ്യസഭയിലെ ചോദ്യത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാമൂലം മറുപടി നല്‍കി.

🙏ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയ്ക്കു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍. ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.

കായികം

🙏സാത്വിക് സായ്രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സ് ഫൈനലില്‍. രണ്ടാം സീഡായ ചൈനയുടെ വെയ് കെങ് ലിയാങ്-ചാങ് വാങ് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ അലിഫാന്‍-അര്‍ഡിയാന്റോ സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളി.

🙏ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് തിരിച്ചടിക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ ഒന്നാമിന്നിംഗ്സ് സ്‌കോറായ 438 റണ്‍സിനെതിരെ വിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. വിന്‍ഡീസ് ഓപ്പണറായ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് നേടിയ 75 റണ്‍സാണ് വിന്‍ഡീസിന്റെ സ്‌കോറിന് കരുത്തേകിയത്.

Advertisement