തിരുവനന്തപുരം: എസി കോച്ചടക്കം ചോർന്നൊലിച്ച് മാവേലി എക്സ്പ്രസ്. കോച്ചുകളിൽ വെള്ളം കയറിയതോടെ തിരുവനന്തപുരം വരെ യാത്രക്കാർക്ക് ദുരിതയാത്രയായി. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ കാസർകോട് എത്തിയപ്പോഴായിരുന്നു സംഭവം. മഴ പെയ്തതോടെ ട്രെയിനിനുള്ളിലേക്ക് വെള്ളം ചോർന്നെത്തി. പല കോച്ചുകളിലും വെള്ളം നിറഞ്ഞതോടെ യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടു. ട്രെയിനിനകത്ത് വെള്ളപ്പാെക്ക സമാന അവസ്ഥയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ഫ്ലോറിൽ വെള്ളം നിറഞ്ഞതോടെ അപ്പർ ബെർത്തുകളിൽ കയറിയാണ് യാത്രക്കാർ യാത്ര ചെയ്തത്. വയോധികരും അസുഖബാധിതരും ബുദ്ധിമുട്ടി. യാത്രക്കാരുടെ ലഗേജുകൾ നനഞ്ഞു. ഇന്നലെ മംഗലാപുരത്തേക്ക് തിരിച്ചു പോയ ട്രെയിനിലും ചോർച്ച ഉണ്ടായിരുന്നെന്ന് യാത്രക്കാർ ആരോപിച്ചു. കണ്ണൂർ എത്തും മുൻപ് സ്ലീപ്പർ, ജനറൽ കോച്ചുകളിലടക്കം വെള്ളം ചോർന്നെന്നും വൈദ്യുതാഘാതമേൽക്കുമോ എന്ന ഭയത്തിലാണ് യാത്ര ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു. ചോർച്ചയെപ്പറ്റി പരാതിപ്പെട്ടെങ്കിലും അധികൃതർ കൈമലർത്തിയെന്നും യാത്രക്കാർ ആരോപിച്ചു.
കേരളത്തിൽ റെയിൽവേയുടെ ഏറ്റവും മോശപ്പെട്ട കോച്ചുകളാണ് അനുവദിക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. മലബാറിലേക്കുള്ള ട്രെയിനുകളുടെ അവസ്ഥ ശോചനീയമാണ്. ജനശതാബ്ദിയിലടക്കം കാലപ്പഴക്കം ചെന്ന കോച്ചുകളാണ് ഉപയോഗിക്കുന്നതെന്നും യാത്രക്കാർ ആരോപിച്ചു. തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കുള്ള മുഴുവൻ ട്രെയിനുകളും മിക്ക ദിവസവും മുഴുവൻ യാത്രക്കാരുണ്ടെങ്കിലും അതിനനുസരിച്ച് യാത്രാ സൗകര്യം ഒരുക്കുന്നില്ല. തിരക്കൊഴിവാക്കാൻ മെച്ചപ്പെട്ട കൂടുതൽ ട്രെയിനുകൾ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നേരത്തെ പുതിയതായി സർവീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസിലും ചോർച്ചയുണ്ടായിരുന്നു. അന്ന് അറ്റകുറ്റപ്പണി നടത്തി ചോർച്ച അടച്ചാണ് യാത്ര തുടർന്നത്. അന്നും റെയിൽവേക്കെതിരെ രൂക്ഷ വിമർശനുയർന്നിരുന്നു.