കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കും

Advertisement

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസിയുടെ അനുസ്മരണ പരിപാടിയില്‍ ആണ് മുഖ്യമന്ത്രി പങ്കെടുക്കുക. നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളില്‍ ചടങ്ങില്‍ കെ സുധാകരനാണ് അധ്യക്ഷനാകുക. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ-സാംസ്‌കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരും അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ഓര്‍മക്കായി എംസി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭാവിയില്‍ എംസി റോഡ് ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ നീണ്ട വിലാപയാത്രയില്‍ അത്ഭുതകരമായ തിരക്ക് എംസി റോഡില്‍ ഉണ്ടായതാണ് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യത്തിന് കാരണം.