എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കഴക്കൂട്ടം സ്വദേശി കൊല്ലത്ത് പിടിയിൽ

Advertisement

കൊല്ലം . സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ കെ.പി 14/13 എസ്.എ നിവാസിൽ കമാലുദീൻ മകൻ അൽഹാദ്(42) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കരിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് ബാംഗ്ലൂരിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സിറ്റ് വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടപ്പാക്കിയത്. 2019 മുതൽ വിവിധ സമയങ്ങളിലായി പ്രതി പെൺകുട്ടിയുടെ മാതവിന്റെ കൈയിൽനിന്ന് പത്ത്‌ലക്ഷത്തി അൻപത്തേഴായിരത്തി പതിനഞ്ച് രൂപ കബളിപ്പിച്ച് കൈക്കലാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലയിലെ മണ്ണാന്തല, കന്റോൺമെന്റ്, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിയായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കൊല്ലം ജില്ലയിൽ സമാന രീതിയിൽ മറ്റു പലരെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ഷെഫിക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ഓമനക്കുട്ടൻ നായർ, സിപിഒ ദീപു ദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement