താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണുമരിച്ച സഹോദരങ്ങളുടെ ഖബറടക്കം ഇന്ന്

Advertisement

കോഴിക്കോട്: താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച സഹോദരങ്ങളുടെ ഖബറടക്കം ഇന്ന് നടക്കും. ഹോട്ടൽ ജീവനക്കാരനായ വടക്കൊരു അബ്ദുൽ ജലീലിന്റെയും നാജിറയുടെയും മക്കളായ മുഹമ്മദ് ഹാദി(13), മുഹമ്മദ് ആഷിർ(7) എന്നിവരാണ് മരിച്ചത്. താമരശ്ശേരി കോരങ്ങാടാണ് അപകടമുണ്ടായത്

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമീപത്ത് ട്യൂഷന് വേണ്ടി പോയതായിരുന്നു സഹോദരങ്ങൾ. കുട്ടികൾ എത്താത്തിനെ തുടർന്ന് ട്യൂഷൻ ടീച്ചർ വീട്ടിൽ വിവരം അറിയിച്ചതോടെ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. പാറയ്ക്ക് സമീപത്തായുള്ള വെള്ളക്കെട്ടിന് അടുത്ത് കുട്ടികളുടെ ബാഗും ചെരുപ്പും കണ്ടെത്തി. 

പരിശോധനയിലാണ് വെള്ളക്കെട്ടിൽ വീണുകിടക്കുന്ന കുട്ടികളെ കണ്ടത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താമരശ്ശേരി കോരങ്ങാട് ജിവിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഹാദി ജിഎംഎൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മ് ആഷിർ.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ജിഎംഎൽപി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കോരങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.