തൃശൂര്‍: തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ പിടിയില്‍. തൃശൂർ പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചെറുമകന്‍ അക്മലിനെ (27) പൊലീസ് പിടികൂടി.
അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും വഴക്ക് ഉണ്ടാക്കുമായിരുന്നു എന്നും വാർഡ് മെമ്പർ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കാം കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മംഗലാപുരം ഭാഗത്തായിരുന്നു ഉണ്ടായിരുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു. മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.