കോൺഗ്രസിലെ ചലിക്കുന്ന നേതാവ്: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം:കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി കാലം മുതൽക്കെ കോൺഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകരനും സംഘാടകനുമായിരുന്നു ഉമ്മൻ ചാണ്ടി. ചെറുപ്പ കാലം മുതൽ തന്നെ കോൺഗ്രസ് പാർട്ടിയുടെ അതിപ്രധാനികളിൽ ഒരാളായി അദ്ദേഹം മാറിയിരുന്നു. നിയമസഭാ പ്രവർത്തനം തങ്ങളൊരുമിച്ചാണ് തുടങ്ങിയതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു

ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. 

ഉമ്മൻ ചാണ്ടിയുടെ ചികിത്സ നടക്കുന്നതിനിടക്ക് അദ്ദേഹത്തെ കണ്ടതും സംസാരിച്ചതുമായ ഓർമകളും മുഖ്യമന്ത്രി പങ്കുവെച്ചു. ഉമ്മൻ ചാണ്ടിയെ ചികിത്സിച്ച ഡോക്ടറെ വിളിച്ച് താൻ സംസാരിച്ച കാര്യവും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും അത് വേഗത്തിൽ നികത്താനാകുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.