ആരോപണങ്ങളുടെ വസ്തുതപോലും പരിശോധിക്കാതെ ഇടതു മുന്നണി ഉമ്മന്‍ചാണ്ടിയെ വേട്ടയാടി,സി ദിവാകരന്‍

Advertisement

തിരുവനന്തപുരം. ആരോപണങ്ങളുടെ വസ്തുതപോലും പരിശോധിക്കാതെയാണ് ഇടതു മുന്നണി ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയിരുന്നതെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തത് പലതും നിയമസഭക്ക് അകത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞു. കൊടുങ്കാറ്റ് വന്നാലും അനങ്ങാത്ത നേതാവ് ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സി ദിവാകരന്‍ കൂട്ടിച്ചേർത്തു.

നിയമസഭയില്‍ സമാനതകളില്ലാത്ത വേട്ടയാടല്‍ നേരിട്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. സത്യമാണോ അല്ലയോ എന്ന് പോലും നോക്കാതെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപക്ഷം ആരോപണ ശരങ്ങളുന്നയിച്ചിരുന്നതെന്നും മുന്‍ മന്ത്രി കൂടിയായ സി ദിവാകരന്‍ വ്യക്തമാക്കി.

മുഖത്തു നോക്കി പറയാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷം ഉന്നയിച്ചതെന്നും ദിവാകരന്‍ കൂട്ടിച്ചേർത്തു.

രാഷ്ട്രീയ നേതാക്കളെ തേജോവധം ചെയ്യുന്ന ചില ഗൂഡ സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതായും സി ദിവാകരൻ പറഞ്ഞു.

സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിലാണ് സി ദിവാകരന്‍റെ തുറന്നു പറച്ചില്‍.