കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രഷറി തകർന്നുവീണു

Advertisement

കൊച്ചി .ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രഷറി തകർന്നുവീണു. ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിൽ നിന്ന് സബ് ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലം സബ് ട്രഷറിയിലേക്ക് മാറ്റിയിരുന്നു. അറ്റകുറ്റപ്പണികൾ നടത്താനിരിക്കുന്നതിനിടെയാണ് കെട്ടിടം പൂർണ്ണമായി തകർന്നത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രഷറി കെട്ടിടത്തിന്. അപകടാവസ്ഥയിലായ കെട്ടിടത്തിൽ ജോലി ചെയ്യാൻ കഴിയില്ലെന്നു ജീവനക്കാർ നിലപാടെടുത്തതോടെ സബ് ട്രഷറിയുടെ പ്രവർത്തനം പലതവണ മുടങ്ങിയിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് കഴിഞ്ഞദിവസം നായരമ്പലം സബ് ട്രഷറിയിലേക്ക് പ്രവർത്തങ്ങൾ താൽക്കാലികമായി മാറ്റിയത്. പറവൂർ സബ് ട്രഷറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനം പുനരാരംഭിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും സബ് ട്രഷറിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൂർണ്ണമായി തകർന്നുവീണത്.

നായരമ്പലത്തേക്ക് പ്രവർത്തനം മാറ്റിയത് ജനങ്ങൾക്കു പ്രതിസന്ധിയുഉണ്ടാക്കിയിട്ടുണ്ട്. പറവൂർ നഗരത്തിൽ തന്നെ സബ് ട്രഷറിക്കായി പുതിയ കെട്ടിടം കണ്ടെത്തണമെന്നാണ് ആവശ്യം.

Advertisement