തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയിലെ ഉദിയൻകുളങ്ങര വളവിൽ ടോറസ് ലോറി തലകീഴായി മറിഞ്ഞു

Advertisement

തിരുവനന്തപുരം. കന്യാകുമാരി ദേശീയ പാതയിലെ ഉദിയൻകുളങ്ങര വളവിൽ ടോറസ് ലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. നാല് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകട സാധ്യതയുള്ള വളവിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനെതിരെ നാട്ടുകാർ രംഗത്തെത്തി.

രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. ബാലരാമപുരത്ത് എംസാൻറ് ഇറക്കി തിരിച്ച് തമിഴ്നാട് മാർത്താണ്ഡത്തേക്ക് പോയ ലോറി ഉദിയൻകുളങ്ങര വളവിൽ മറിയുകയായിരുന്നു. ഒരു വശത്തേക്ക് മറിഞ്ഞ ലോറി അടുത്തുള്ള വയലിൽ വീണതിനാൽ വലിയ അപകടം ഒഴിവായി. രാവിലെ പ്രദേശത്ത് ചാറ്റൽ മഴ പെയ്തിരുന്നു. റോഡിൽ തെന്നി ലോറിയുടെ നിയന്ത്രണം വിട്ടതാകാം എന്നാണ് കരുതുന്നത്. നിസാര പരുക്കേറ്റ ഡ്രൈവർ പളുകൽ സ്വദേശി ടൈറ്റസ്, ക്ലീനർ മരുതംകോട് സ്വദേശി കുമാർ എന്നിവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കാരണം തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അപകസാധ്യത ഏറെയുള്ള വളവിൽ മുന്നറിയിപ്പ് ബോർഡോ ,സൂചന ബോർഡോ സ്ഥാപിച്ചിട്ടില്ല. ഇതിൽ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.