ചോറുണ്ണാൻ സ്പൂൺ ചോദിച്ചു, പരിക്കേറ്റ വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്ത് സുമതിച്ചേച്ചി; അഭിനന്ദനവുമായി മന്ത്രി

Advertisement

മലപ്പുറം: കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാർഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് കുടുംബശ്രീ പ്രവർത്തക. മലപ്പുറം രാമപുരത്തെ മലബാർ മക്കാനി എന്ന കുടുംബ ശ്രീ കാന്റീനിലെ സുമതിയെന്ന കുടുംബ ശ്രീ പ്രവർത്തകയാണ് വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽമീ‍ഡിയയിൽ പ്രചരിച്ചു. മന്ത്രി എംബി രാജേഷ് സുമതിയെ പ്രശംസിച്ച് രം​ഗത്തെത്തി. കാന്റീനിൽ ഉച്ചക്ക് ഭക്ഷണം കഴിയ്ക്കാനെത്തിയതാണ് കൈക്ക് പരിക്കേറ്റ വിദ്യാർഥി ബാസിൽ. വലതുകൈക്കായിരുന്നു പരിക്ക്. ഭക്ഷണം കഴിയ്ക്കാൻ ബാസിൽ സ്പൂൺ ചോദിച്ചു. ഇടതുകൈകൊണ്ട് സ്പൂൺ ഉപയോ​ഗിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോൾ ചോറ് വാരിക്കൊടുക്കുകയായിരുന്നു.

ഈ അമ്മ സ്നേഹത്തിന്റെ പേരാണ്‌ കുടുബശ്രീ‌. മലപ്പുറം രാമപുരം മലബാർ മക്കാനി കുടുംബശ്രീ കാന്റീനിൽ ഉച്ചഭക്ഷണത്തിന് വന്ന കോളേജ്‌ വിദ്യാർഥികളിൽ ഒരാൾ, കൈക്ക്‌ പരിക്ക് പറ്റിയതിനാൽ ഭക്ഷണം കഴിക്കാൻ ഒരു സ്പൂൺ ചോദിച്ചു. സ്പൂണുമായി വന്ന കുടുബശ്രീ പ്രവർത്തക സുമതിചേച്ചി, കൈ ഒടിഞ്ഞ ബാസിലിന്‌ ഭക്ഷണം മുഴുവൻ വാരി കൊടുത്തു. സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പ്‌ ലംഘിക്കുന്ന ഈ അമ്മസ്നേഹത്തിന്റെ പേരാണ്‌ കുടുംബശ്രീ. ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക്‌ സ്നേഹം, അഭിനന്ദനങ്ങൾ

Advertisement