വാർത്താനോട്ടം

Advertisement

2023 ജൂലൈ 26 ബുധൻ

BREAKING NEWS

👉ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായതിന് മൈക്ക് ഉടമയ്ക്ക് എതിരെ കേസ്

👉 പോലീസ് നടപടിയിൽ വ്യാപക പരിഹാസവും പ്രതിഷേധവും

👉 വി ഐ പി യുടെ പ്രസംഗം മന: പൂർവ്വം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ഉടമ രഞ്ജിത്ത്.

👉 കാട്ടാക്കടയിൽ സി പി ഐ പ്രാദേശിക നേതാവ് സുധീർ ഖാനെ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതിയായ സി പി ഐ നേതാവ് സജികുമാർ മധുരയിൽ ആത്മഹത്യ ചെയ്തു

👉 മുതലമട ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസിനെതിരെ കേസ്.മുംബൈയിലെ സാമൂഹ്യ പ്രവർത്തകനിൽ നിന്ന് അഞ്ചരക്കോടി തട്ടി ച്ചെന്നാണ് പരാതി.

👉ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രതിരോധ മന്ത്രിയും മൂന്ന് സേനാ മേധാവി മാരും കാർഗിൽ അനുസ്മരണം നടത്തി.

കേരളീയം

🙏ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതിന് മൈക്ക് ഓപറേറ്റര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൈക്ക്, ആംപ്ളിഫയര്‍, വയര്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

🙏ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കുമെന്ന് ഹിന്ദു സംഘടനകള്‍. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണു പരാതികള്‍ നല്‍കുന്നത്.

🙏മോണ്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനു പങ്കുണ്ടെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ സുധാകരന്‍ മൊഴി നല്‍കി.

🙏ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കേസിലെ ആരോപണ വിധേയയില്‍നിന്നു പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണം ഏര്‍പ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെളിവൊന്നും ഇല്ലെന്നു കണ്ട് സിബിഐ കേസ് അവസാനിപ്പിച്ചു.

🙏രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍നിന്നാണ് ഉയര്‍ന്നു വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നു വന്ന നേതാവാണ്. അദ്ദേഹം തനിക്കു വഴി കാട്ടിയായിരുന്നു.

🙏ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള സംഘപരിവാര്‍ കലാപങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് സിപിഐ നേതാവ് ആനി രാജ. ഇന്നു മണിപ്പൂരില്‍ സംഭവിക്കുന്നത് നാളെ കേരളത്തിലും സംഭവിച്ചേക്കാം. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം.

🙏രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനകം 562 വിമാനങ്ങള്‍ എത്തിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഐപിഎല്‍ ലേലത്തിനും ജി 20 ഉദ്യോഗസ്ഥ ഉച്ചകോടിക്കും ബിസിനസ് ടെര്‍മിനലിലാണു വിമാനമിറങ്ങിയത്. ഈ വര്‍ഷം 1000 വിമാനങ്ങളെത്തുമെന്നാണ് പ്രതീക്ഷ.

🙏പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ടു മക്കളും കിണറ്റില്‍ ചാടി മരിച്ചു. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.

🙏ഏഴു വയസുള്ള വിദ്യാര്‍ത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു ചെയ്തത്.

🙏തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഎം നേതാവ് സുധീര്‍ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി ആത്മഹത്യ ചെയ്തു. മധുരയിലെ ലോഡ്ജിലാണ് പ്രതി സജികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജികുമാര്‍.

🙏തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ ജിംനേഷ്യത്തിലേക്ക് പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍നിന്ന് അഞ്ചു കിലോ കഞ്ചാവ് പിടിച്ചെടുത്തു. മരുന്നുകളെന്ന പേരില്‍ ആസാമില്‍നിന്ന് എത്തിച്ച കഞ്ചാവാണ് പിടിച്ചത്. കടയുടമ വിഷ്ണു (33) ഉള്‍പെടെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

🙏കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനില്‍നിന്നു കൈ വിലങ്ങു സഹിതം രക്ഷപ്പെട്ട പ്രതി പിടിയില്‍. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസ് ആണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസിലെ പ്രതിയാണ് അജ്നാസ്.

🙏ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഉത്തരേന്ത്യക്കാരായ സംഘമാണു തട്ടിപ്പിനു പിന്നിലെന്ന് സൈബര്‍ പൊലീസ്. വാട്സാപിലൂടെ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പിനു തുടക്കം. യൂട്യൂബ് ചാനല്‍ ലൈക് ചെയ്താല്‍ അമ്പതു രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. 50 രൂപ ലഭിച്ചതിനു പിറകേ പതിനായിരം രൂപ നല്‍കിയാല്‍ പതിനയ്യായിരം രൂപ കിട്ടുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടു. ഇതോടെ വിശ്വാസമായി.

🙏കാനഡയില്‍ നിന്നുള്ള സമ്മാനം സ്വീകരിക്കാന്‍ കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വീട്ടമ്മയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയ 56 കാരി പിടിയില്‍. ബെംഗളൂരു സ്വദേശിനി പ്രിയ ബാഹുലേയന്‍ (56) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

🙏തിരുവനന്തപുരം വലിയതുറയില്‍ പൊലീസിനു നേരെ ഗുണ്ടാ നേതാവിന്റെ ആക്രമണം. ഗുണ്ടാ നേതാവായ ജാങ്കോ കുമാര്‍ വലിയതുറയിലെ രണ്ട് എസ്ഐമാരെ കുത്തി പരിക്കേല്‍പിച്ചു. ജാങ്കോയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്.

🙏അട്ടപ്പാടി ശിരുവാണി പുഴയില്‍ ചൂണ്ടയിടുന്നതിനിടെ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു. അട്ടപ്പാടി സ്വദേശി ജയനാണ് (46) മരിച്ചത്.

ദേശീയം

🙏മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം. പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്നാണു പ്രതിപക്ഷ ആവശ്യം. എന്നാല്‍ മോദി മിണ്ടില്ലെന്ന നിലപാടിലാണു കേന്ദ്രസര്‍ക്കാര്‍.

🙏മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കത്തു നല്‍കി. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും അധിര്‍ രഞ്ജന്‍ ചൗധരിക്കുമാണ് കത്തു നല്‍കിയത്.

🙏സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായാണു ഇടപെടുന്നതെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. മറ്റ് സംസ്ഥാനങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതു ചെയ്യുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

🙏ഡല്‍ഹി സംസ്ഥാന സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥാനക്കയറ്റം നല്‍കാനും അച്ചടക്ക നടപടിക്കുമുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന നിയമത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

🙏പ്രതിപക്ഷ ഐക്യവേദിയായ ‘ഇന്ത്യ’യെ ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്നു പരിഹസിച്ച പ്രധാനമന്ത്രി മോദിക്ക് തങ്ങളെ എന്തു വിളിച്ചാലും തങ്ങള്‍ ഇന്ത്യയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയം മണിപ്പൂരില്‍ പടുത്തുയര്‍ത്തുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

🙏കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുന:സ്ഥാപിച്ചു. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്നിന് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതാണ്.

🙏ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കിട്ടാക്കടമായ 10.57 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്.

🙏ചന്ദ്രയാന്‍-3 ബഹിരാകാശ പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഓഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കും.

🙏ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിനു തീപിടിച്ചു. എന്‍ജിനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണു തീ പിടിച്ചത്. അതിവേഗം തീയണച്ചു.

🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ സെകുലര്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ. എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചേര്‍ക്കാത്ത സാഹചര്യത്തിലാണ് ഈ നിലപാടെടുത്തത്.

🙏തെലങ്കാനയില്‍ സ്വത്തുവിവരം വെളിപ്പെടുത്തിയതിലെ പിഴവിന്റെ പേരില്‍ എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി . കൊത്തഗുഡം എംഎല്‍എ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. എതിര്‍സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് വിധി.

🙏ത്രിപുരയിലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിയൂഷ് കാന്തി വിശ്വാസ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ ഡിസംബറിലാണു കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്.

അന്തർദേശീയം

🙏ഇസ്രയേലില്‍ കോടതികള്‍ക്കു കൂച്ചുവിലങ്ങിട്ട് ബന്യാമിന്‍ നെതന്യാഹൂ ഭരണകൂടം. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനു നല്‍കിയും കോടതി വിധികള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കിയും നിയമം പാസാക്കി. ഇതിനെതിരേ ഇസ്രയേലില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കായികം

🙏അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാന്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വീണ്ടും അവസരം. നവംബര്‍ 26 ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

🙏ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗറിന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ശനിയാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിനാണ് ഐ.സി.സി യുടെ നടപടി. മത്സരത്തില്‍ പുറത്തായ താരം വിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തുകയും അമ്പയര്‍മാര്‍ തെറ്റായ തീരുമാനമെടുത്തുവെന്ന് വാദിക്കുകയും ചെയ്തു.

🙏ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പി.എസ്.ജിയെ സൗഹൃദ മത്സരത്തില്‍ സമനിലയില്‍ തളച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍. പി.എസ്.ജിയ്ക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ നെയ്മറും എംബാപ്പേയും കളിക്കാനിറങ്ങാതിരുന്ന മത്സരത്തിലാണ് അല്‍ നസര്‍ ഗോള്‍ രഹിത സമനില നേടിയത്.

Advertisement