തിരുവനന്തപുരം .സ്റ്റെപ്പിനി ഓപ്പറേഷന്‍ വ്യാപകം, സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിലും,ഡ്രൈവിങ് ടെസ്റ്റുകളിലും വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ.ഡ്രൈവിങ് ടെസ്റ്റ് ക്യാമറയിൽ പകർത്തണമെന്ന നിയമം മിക്ക സ്ഥലങ്ങളിലും പാലിക്കുന്നില്ല.ഡ്രൈവിങ് സ്‌കൂളുകൾ ഇടനില നിന്ന് പഠിതാക്കളിൽ നിന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങി നൽകുന്നുവെന്നും വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
മോട്ടോർ വാഹനവകുപ്പ് നിഷ്കർഷിക്കുന്ന ചട്ടങ്ങൾ കാറ്റിൽ പറത്തി,കൈക്കൂലി വാങ്ങി ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുവെന്നായിരുന്ന വിജിലൻസിന് ലഭിച്ച രഹസ്യ വിവരം.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന
നടത്തിയത്.വിജിലൻസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ.ഡ്രൈവിങ് ടെസ്റ്റുകൾ ക്യാമറയിൽ പകർത്തണമെന്നത് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിയമമാണ്.പരിശോധന നടത്തിയ 60 ടെസ്റ്റ് ഗ്രൗണ്ടുകളിൽ 49 സ്ഥലത്തും ക്യാമറ പ്രവർത്തിക്കുന്നില്ല.തകരാർ പരിഹരിക്കുന്നതിനു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും കണ്ടെത്തലുണ്ട്.
ചില ഡ്രൈവിങ് സ്‌കൂളുകളിൽ യോഗ്യത ഇല്ലാത്തവർ പരിശീലനം നൽകുന്നു.യാതൊരു സൗകര്യവുമില്ലാതെ ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുന്നു.മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഇത് കണ്ടില്ലെന്ന് നടിക്കുന്നു.ചില ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് ഒത്താശ ചെയ്യുന്നു.കണ്ണൂർ തോട്ടടയിലും കോഴിക്കോട് പേരാമ്പ്രായിലും ആര്‍ടിഒ ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നു.വർക്കല ജോയിന്റ് ആര്‍ടിഒ യുടെ ടെസ്റ്റ് ഗ്രൗണ്ട് പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തി ലീസിനെടുത്ത ഭൂമിയിൽ.പഠിതാക്കളിൽ നിന്ന് ഡ്രൈവിങ് സ്കൂളുകൾ വഴി കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകുന്നുവെന്നും വിജിലൻസ് കണ്ടെത്തലുണ്ട്.
കർശന നടപടിക്ക് ശുപാർശ ചെയ്‌തു സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് നീക്കം.