കാസർഗോഡ്. കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ യൂത്ത് ലീഗ് പുറത്താക്കി. അബ്ദുള്‍സലാം,ഷെരീഫ്, ആഷിര്‍ ,അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്
മണിപ്പൂർ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് ഇന്നലെ വൈകിട്ട് നടന്ന റാലിയിലാണ് പ്രവർത്തകൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. റാലിയിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വ്യാപകമായി പ്രചരിച്ചു.
സംഭവം വിവാദമയതോടെ മുദ്രവാക്യം വിളിച്ച കല്ലുരാവി സ്വദേശി അബ്‌ദുൾ സലാമിനെ യൂത്ത് ലീഗ് പുറത്താക്കി. എന്നാൽ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.
സംഭവത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകൻ ഉൾപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി