നടുറോഡില്‍ വെച്ച് ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി

Advertisement

പാലക്കാട്. മഞ്ഞപ്രയില്‍ നടുറോഡില്‍ വെച്ച് ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി. പല്ലശ്ശേന സ്വദേശി പ്രമോദാണ് തീ കൊളുത്തിയത്. പൊള്ളലേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമോദിന്റെ നില ഗുരുതരമാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.


മഞ്ഞപ്ര നാട്ടുകല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് സംഭവം.കാര്‍ത്തിക രാവിലെ ബസ്സ് കയറാനായി ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഒളിഞ്ഞിരുന്ന പ്രമോദ് കൈയില്‍ കരുതിയ പെട്രോള്‍ കുപ്പിയുമായി ആക്രമിക്കുകയായിരുന്നു.യുവതിയുമായി ചേര്‍ന്ന് നിന്ന് ശേഷം ഇരുവരുടെയും ശരീരത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.പെട്രാള്‍ കുപ്പി തട്ടി മാറ്റിയ കാര്‍ത്തികയ്ക്ക് കാര്യമായി പരിക്കേറ്റില്ല. ഈ സമയം ഇവരുടെ എട്ടും, അഞ്ചും വയസ്സുള്ള മക്കളും കാര്‍ത്തികയോടൊപ്പം ഉണ്ടായിരുന്നെങ്കിലും ബഹളം കേട്ട് വീട്ടിലേക്ക് ഓടിയതിനാല്‍ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

മൂന്ന് വര്‍ഷത്തോളമായി പ്രമോദും കാര്‍ത്തികയും അകന്ന് കഴിയുകയായിരുന്നു. ഒരു വര്‍ഷം മുമ്പും പ്രമോദ് കാര്‍ത്തികയെ കുത്തി പരിക്കേല്പിച്ചിരുന്നു. പൊള്ളലേറ്റ ദമ്പതികളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ത്തികക്ക് കാര്യമായ പൊള്ളല്‍ ഇല്ല എന്നാല്‍ അറുപത് ശതമാനത്തോളം പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണ്

Advertisement