വാർത്താ നോട്ടം

Advertisement

2023 ജൂലൈ 27 വ്യാഴം

BREAKING NEWS

👉മണിപ്പൂർ: പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് കറുത്ത വസ്ത്രമണിഞ്ഞ് പാർലമെൻ്റിൽ എത്തും

👉 മുംബൈയിൽ മറാത്തി സീരിയൽ ചിത്രീകരിച്ചു കൊണ്ടിരുന്ന സെറ്റിൽ പുലിയിറങ്ങി.200 ഓളം പേരുണ്ടായിരുന്ന സെറ്റിലെ എല്ലാവരും ചിതറിയോടി.

അടിമാലിയിൽ ആയിര മേക്കർ പള്ളിയ്ക്ക് സമീപം പുലിയിറങ്ങി.കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്

👉പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ പ്രസിഡൻ്റിനെ ബന്ദിയാക്കി സൈന്യം ഭരണം പിടിച്ചു. ഭരണഘടന സസ്പെൻ്റ് ചെയ്തു ,കർഫ്യു പ്രഖ്യാപിച്ചു.

👉 ശ്രീലങ്കയിൽ അറസ്റ്റിലായ 15 മത്സ്യതൊഴിലാളികൾ ചെന്നൈയിലെത്തി. രാമേശ്വരത്ത് നിന്നുള്ളവരായിരുന്നു ഇവർ.

👉 മുതലപ്പൊഴിയിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി പരിക്ക് കളോടെ രക്ഷപ്പെട്ടു.

👉 തൃശൂർ പട്ടിയൂരിൽ വള്ളത്തിൽ സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ പോയ കല്ലേറ്റ്ങ്കര സ്വദേശി പ്രണവ് (18) നെ കാണാതായി.

കേരളീയം

🙏ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. കേസെടുത്തത് വന്‍ വിവാദമാവുകയും പൊതുജനം പരിഹാസവുമായി രംഗത്തുവരികയും ചെയ്തതോടെ കേസു വേണ്ടെന്ന് മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചിരുന്നു.

🙏കേന്ദ്രസര്‍ക്കാരില്‍
നിന്നു പണം കിട്ടാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ ഇങ്ങനെ അറിയിച്ചത്.

🙏റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ നല്‍കിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്.

🙏യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി താത്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളെല്ലാം സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ചല്ല തെരഞ്ഞെടുപ്പു നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

🙏ബഹുസ്വരത അപകടത്തിലായാല്‍ ദേശീയത തന്നെ അപകടത്തിലാകുമെന്നും ഒറ്റക്കെട്ടായി ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കണമെന്നും മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

🙏വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ മാരിടൈം ലോകത്തിനു പരിചയപ്പെടുത്താന്‍ ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഷിപ്പിംഗ് കോണ്‍ക്ലേവ് നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

🙏ആലപ്പുഴ മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പരിശോധന നടത്തിയ ശേഷമാണ് അംഗീകാരം റദ്ദാക്കിയത്.

🙏തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിലൂടെ കടല്‍യാത്ര വിലക്കണമെന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ അവഗണിക്കുന്നു.

🙏സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. 1500 സ്ഥലങ്ങളിലായി 3500 ഹോട്ടലുകളിലും ഷവര്‍മ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണു പരിശോധിച്ചത്.

🙏മണിപ്പൂര്‍ കലാപത്തില്‍ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. അബ്ദുള്‍ സലാം, ഷെരീഫ്, ആഷിര്‍, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

🙏പത്തനംതിട്ട മണ്ണാറമലയിലെ വീട്ടില്‍നിന്ന് 100 കിലോയിലേറെ കഞ്ചാവ് പോലീസ് പിടികൂടി. മൂന്നുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.

🙏കാലടി പോലീസ് സ്റ്റേഷനില്‍നിന്ന് രണ്ടു കെഎസ് യു പ്രവര്‍ത്തകരെ ലോക്കപ്പില്‍നിന്ന് രണ്ട് എംഎല്‍എമാര്‍ മോചിപ്പിച്ചു കൊണ്ടുപോയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്.ഐ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.യു പ്രവര്‍ത്തകരെ മോചിപ്പിച്ചതിന് എംഎല്‍എമാരായ സനീഷ് കുമാര്‍, റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

🙏പ്ലസ് വണ്ണിന് 97 അധിക ബാച്ചുകള്‍ താത്കാലികമായി അനുവദിച്ചതുകൊണ്ടു പ്രയോജനമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് വേണ്ടത്. 97 ബാച്ചു വന്നാലും ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്കു സീറ്റു കിട്ടില്ല. ലീഗ് സമരം തുടരുമെന്നും സലാം പറഞ്ഞു.

🙏തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഓരോ നഴ്‌സിംഗ് കോളേജിനും എട്ടു വീതം സീറ്റുകളാണ് അനുവദിച്ചത്.

🙏മുഖ്യമന്ത്രി എത്ര ക്രൂരനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൈക്ക് വിവാദത്തില്‍ കേസു വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനു പിറകേയാണ് മരുമകനായ മന്ത്രിയുടെ പ്രതികരണം.

🙏മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. 44 വര്‍ഷത്തിനിടെ ഇരുപത്തയ്യായിരത്തിലേറെ ഗാനങ്ങള്‍ ആ
ലപിച്ചിട്ടുണ്ട്.

🙏പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. സിപിഎം ജോര്‍ജ് എം തോമസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

🙏വ്യാപാര സ്ഥാപനത്തിനു ലൈസന്‍സ് അനുവദിക്കാന്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി.ഡി. സുരേഷിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

🙏ബിജെപി പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയും ഉപാധ്യക്ഷനുമായി ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളോട് രാജിവയ്ക്കണമെന്ന് കൊല്ലം ഡിസിസി. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ ഷീബ ചെല്ലപ്പന്‍, സുജാതന്‍ അമ്പലക്കര എന്നിവരോടാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടത്.

🙏പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുത്തെന്ന കേസില്‍ പ്രതിയായ ജയില്‍ ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എറണാകുളം കാലടി അട്ടിയാട്ടുകര അജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

🙏ചോക്ലേറ്റ് കമ്പനിയില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്നായി ഒരു കോടി രൂപയോളം തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. ആലപ്പുഴ പുറക്കാട് സ്വദേശികളായ വിഷ്ണു (32), ദേവനന്ദു (21) എന്നിവരെയാണ് പിടികൂടിയത്.

🙏വയനാട്ടിലെ മീനങ്ങാടി മുരണിയിലെ പുഴയോരത്തു പുല്ലരിയാന്‍ പോയ കര്‍ഷകനെ കാണാതായി. കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55)യാണു കാണാതായത്. വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

🙏അഴീക്കോടുനിന്ന് മീന്‍ പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ വള്ളത്തിലെ 42 തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യു ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് സ്വദേശി പുളിക്കശേരി ഹര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ‘അറഫ’ എന്ന വള്ളമാണ് പ്രൊപ്പല്ലറില്‍ വല ചുറ്റി എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്.

🙏കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്കു ഗുരുതര പരിക്കേറ്റു. മാന്നാര്‍- മാവേലിക്കര സംസ്ഥാന പാതയില്‍ ചെറുകോല്‍ ശാന്തിവനം ജംഗ്ഷനു സമീപം പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായത്.

ദേശീയം

🙏കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള.

🙏മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടു ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളിലും ഇന്നലേയും നടപടികള്‍ തടസപ്പെട്ടു. കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയി ബിആര്‍എസിന്റെ നമോ നാഗേശ്വര്‍ റാവു എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

🙏അടുത്ത എന്‍ഡിഎ സര്‍ക്കാരിനെയും താന്‍ തന്നെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ഡല്‍ഹിയില്‍ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

🙏കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു.

🙏ജിഎസ്ടി വകുപ്പ് രണ്ടു മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയില്‍ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകള്‍ കണ്ടെത്തി. 11,000 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയെന്നു ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

🙏ജ്ഞാന്‍വാപി പള്ളിയിലെ പുരാവസ്തു സര്‍വേക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി നീട്ടി. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. കേസില്‍ ഇന്നു മൂന്നരയ്ക്ക് ഹൈക്കോടതിയില്‍ വാദം തുടരും.

🙏ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കൂവെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്. മൂന്നു മാസമായി തുടരുന്ന കലാപത്തെ മുഖ്യമന്ത്രി പക്ഷപാതപരമായാണു കൈകാര്യം ചെയ്തതെന്നും രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

🙏മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 2019 ലെ ബജറ്റ് സമ്മേളനത്തിടെ മോദി നടത്തിയ പ്രസംഗത്തില്‍ പ്രവചിച്ചിരുന്നെന്ന് ബിജെപി നേതാക്കളുടെ പ്രചാരണം. 2018 ലെ അവിശ്വാസ പ്രമേയത്തെക്കുറിച്ചു സംസാരിക്കവേയാണ് 2023 ല്‍ വീണ്ടും അവിശ്വാസം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നു പറഞ്ഞത്.

🙏ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലിക്കു പ്രത്യേക സംവരണം നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംവരണ ആനൂകൂല്യമുള്ള വിഭാഗത്തില്‍പെട്ടവര്‍ക്ക് അനൂകൂല്യം ലഭിക്കും.

🙏എയര്‍ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ ‘മഹാരാജ’ യെ തഴയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ ലോഞ്ചുകള്‍ക്കും പ്രീമിയം ക്ലാസുകള്‍ക്കുമായി മഹാരാജ ചിത്രം ഉപയോഗിക്കും. 1946 മുതല്‍ ഉപയോഗിക്കുന്ന ‘മഹാരാജ’ ലോഗോ ഇനി ഒരു ലോഗോ ആയി ഉപയോഗിക്കില്ല.

🙏ഗോ ഫസ്റ്റ് ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ ആരംഭിക്കുന്നു. അടുത്ത ആഴ്ച ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റുകള്‍ ആരംഭിക്കുമെന്നും ഗോ ഫ്ളൈറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

🙏യമുനാ നദിയില്‍നിന്നു ഡോള്‍ഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ച ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

കായികം

🙏ഒടുവില്‍ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി. പുരുഷ, വനിതാ ടീമുകള്‍ ചൈനയിലേക്കു പോകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

🙏ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്ന കായികമന്ത്രാലയത്തിന്റെ മാനദണ്ഡമാണ് നിലവിവില്‍ മികച്ച രീതിയില്‍ കളിക്കുന്ന ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്കായി ഇളവു വരുത്തിയത്.

Advertisement