വയനാട്ടില്‍ പുല്ലരിയാന്‍ പോയ കര്‍ഷകനെ കാണാതായി; മുതല പിടിച്ചതെന്ന് സംശയം

Advertisement

വയനാട്: മീനങ്ങാടിയിൽ പുല്ലരിയാന്‍ പോയ കര്‍ഷകനെ പുഴയില്‍ കാണാതായി.

മുതല പിടിച്ച് പുഴയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായാണ് സംശയം. മുരണി കുണ്ടുവയലിലെ കീഴാനിക്കല്‍ സുരേന്ദ്രനെയാണ് കാണാതായത്. പൊലീസും എന്‍ഡിആര്‍ഫും വനം വകുപ്പ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം നടന്നത്. വീടിന് പിന്‍വശത്തായി കുറച്ച് മാറിയാണ് സുരേന്ദ്രന്‍ പുല്ലരിയാന്‍ പോയത്. ഏറെ സമയമായിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തുകയായിരുന്നു. പുല്ലരിഞ്ഞുവെച്ചതിന് സമീപം വലിച്ചിഴച്ച പാടുകള്‍ കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സുരേന്ദ്രന്റെ ഷൂസും തോര്‍ത്തും പുഴയ്ക്കരികിലുണ്ടായിരുന്നു.

അഗ്‌നിരക്ഷാസേന, പൊലീസ്, എന്‍ഡിആര്‍എഫ് എന്നിവർ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാരാപ്പുഴ അണക്കട്ടില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് നിര്‍ത്തിവെച്ചശേഷമാണ് തിരച്ചിലാരംഭിച്ചത്. പ്രതികൂല സാഹചര്യത്തെത്തുടര്‍ന്ന് രാത്രി നിര്‍ത്തിയ തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചിട്ടുണ്ട്.

Advertisement