കൊച്ചി: കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് തടയാൻ കടൽപ്പായലും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് കടൽപ്പായലിൽ നിന്നും പ്രതിരോധ ഗുളിക നിർമ്മിക്കുന്നത്. കൊവിഡ് ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളുള്ള ഉൽപ്പന്നമാണ് കടൽമീൻ ഇമ്യുണോ ആൽഗിൻ. മൂന്ന് വർഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവിലാണ് മറൈൻ ബയോടെക്നോളജി വിഭാഗം മേധാവി ഡോ കാജൽ ചക്രവർത്തിയുടെ നേതൃത്ത്വത്തിലുള്ള സംഘം ഇത് വികസിപ്പിച്ചത്.
കൊവിഡ് ബാധിച്ച കോശങ്ങളിൽ വൈറസ് ബാധയുടെ വ്യാപ്തി കുറയ്ക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും കടൽമീൻ ഇമ്യുണോആൽഗിൻ സഹായിക്കുമെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായി. ഇക്കാര്യം സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ തന്നെ വ്യക്തമാക്കി. ഗുളികകളുടെ വ്യാവസായിയ നിർമ്മാണത്തിന് സാങ്കേതിക വിദ്യ കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള സ്ഥാപനവുമായി ധാരണാപത്രം വൈകാതെ ഒപ്പുവക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രമേഹം, അമിതവണ്ണം, രക്തമസമ്മർദം, തുടങ്ങിയവ ചെറുക്കുന്നതിനും നേരത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കടൽപായലിൽ നിന്നും ഉൽപന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.