വാർത്താ നോട്ടം

Advertisement

2023 ജൂലൈ 28 വെള്ളി

കേരളീയം

🙏മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കും ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കത്തിനും എതിരേ യുഡിഎഫ് നാളെ ബഹുസ്വരതാ സംഗമം നടത്തും. രാവിലെ പത്തിനു തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണു സംഗമം. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.

🙏മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം പിന്‍വലിച്ചെങ്കിലും ആലപ്പുഴ മെഡിക്കല്‍ കോളജിന് 150 എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം എല്ലാ സീറ്റുകളിലും അഡ്മിഷന്‍ നടത്തും. മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ ഉടനേ പരിഹരിച്ച് റിപ്പോര്‍ട്ടു നല്‍കുമെന്നും മന്ത്രി.

🙏എറണാകുളം നഗരത്തില്‍ ഇന്നും നാളേയും കുടിവെള്ളം മുടങ്ങും. ആലുവയില്‍ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈന്‍ സംസ്‌കാര ജങ്ഷനില്‍ പൊട്ടിയതാണ് കാരണം. കടവന്ത്ര, കലൂര്‍, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക.

🙏സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കലും മതില്‍ നിര്‍മിക്കലും അടക്കം 14 ജോലികള്‍ നടത്താന്‍ കേന്ദ്രം അനുമതി തന്നിട്ടുണ്ടെന്നും കെ റെയില്‍ അധികൃതര്‍. ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ല. അതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനമാണ് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

🙏എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകള്‍ മനസിലാക്കി പിന്മാറിയ വ്യവസായിക്ക് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയയുടെ ഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജെയിംസ് പാലമുറ്റം പരാതിയുമായി തന്നെ വന്നു കണ്ടിരുന്നു.

🙏ആശുപത്രി ഉടമയെ കള്ളകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടര വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്പെക്ടര്‍ കെ.കെ ദിനേശനെയാണ് കൊച്ചി സിബിഐ കോടതി ശിക്ഷിച്ചത്.

🙏കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മറ്റൊരാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ ആ ബാഗില്‍ ബോംബുണ്ടെന്നു പറഞ്ഞ യാത്രക്കാരനെ ബോംബ് ഭീഷണി മുഴക്കിയെന്ന കേസില്‍ അറസ്റ്റു ചെയ്തു. തൃക്കാക്കര ഗ്രീന്‍ലാന്റ് വിന്റര്‍ ഹോംസ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി സ്വദേശി സാബു വര്‍ഗ്ഗീസ് ആണ് പിടിയില്‍ ആയത്.

🙏തൃശൂരില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചെന്ന് നഴ്സുമാര്‍. തൃശൂര്‍ നൈല്‍ ആശുപത്രി എം.ഡി ഡോ. വി.ആര്‍ അലോകിനെതിരേയാണ് പരാതി. നാലു നഴ്സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഏഴ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

🙏ഇടുക്കി അടിമാലിയില്‍ ലോഡ്ജ് ഉടമ അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കു കീഴ്ക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവു ശിക്ഷ ഹൈക്കോടതി ശരിവച്ചു. കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

🙏തെങ്ങുകയറുന്നവരുടെ കയ്യിലെയും കാലിലെയും തഴമ്പ് സൗന്ദര്യ ശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാത്തതിനാലാണ് തെങ്ങു കയറാനും കള്ളു ചെത്താനും ആളെ കിട്ടാത്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍.

🙏യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കിയ പി ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🙏കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇരുവരും ആര്യവൈദ്യശാലയില്‍ ചികില്‍സയിലാണ്. രാഹുല്‍ഗാന്ധിക്ക് എം ടി വാസുദേവന്‍ നായര്‍ ഒരു പേന സമ്മാനിച്ചു. ഈ പേന താന്‍ എക്കാലവും കാത്തുസൂക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

🙏കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച് വയോധികന്‍ മരിച്ചു. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോകവേ കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തിലാണ് പതിച്ചത്.

🙏വയനാട് മീനങ്ങാടിയില്‍ പശുവിനു പുല്ലരിയാന്‍ പുഴയോരത്തു പോയി കാണാതായ കീഴാനിക്കല്‍ സുരേന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഒന്നര കിലോമീറ്റര്‍ അകലെ ചെക്ക് ഡാമിനു സമീപം കണ്ടെത്തിയ മൃതദേഹത്തില്‍ കാര്യമായ മുറിപ്പാടുകളില്ല.

🙏ഒന്നര വര്‍ഷംമുമ്പ് പത്തനംതിട്ട കലഞ്ഞൂരില്‍ കാണാതായ പാടം സ്വദേശി നൗഷാദ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യ അഫ്സാനയെ അറസ്റ്റു ചെയ്തു. അടൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനു സമീപമുള്ള നാലിടങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചില്ല.

🙏മണിപ്പൂര്‍ കലാപത്തില്‍ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനു പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

🙏സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തൃശൂര്‍ പടവരാട് തോട്ടുമാടയില്‍ വീട്ടില്‍ ടോണി എന്ന ജാക്കി (23) യെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. പടവരാട് തൈപ്പാട്ടില്‍ അബിയെ (43) നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

🙏വര്‍ക്കലകുന്നിനു മുകളില്‍നിന്നും കാര്‍ താഴേക്കു വീണ് നാലു യാത്രക്കാര്‍ക്കു ഗുരുതര പരിക്ക്. കുന്നിറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് കാര്‍ 50 അടി താഴ്ചയില്‍ കടല്‍ത്തീരത്തേക്കാണ് വീണത്.

ദേശീയം

🙏പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യിലെ എംപിമാര്‍ മണിപ്പൂരിലേക്ക്. നാളേയും ഞായറാഴ്ചയുമായാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. മണിപ്പൂര്‍ വിഷയത്തെക്കുറിച്ചു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണു കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂര്‍ ചര്‍ച്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയും നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് മണിപ്പൂര്‍ സന്ദര്‍ശനം.

🙏എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ എസ്.കെ മിശ്രയ്ക്കു സുപ്രീം കോടതി കാലാവധി നീട്ടി നല്‍കി. കാലാവധി നീട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. എന്നാല്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 15 വരെ കാലാവധി നീട്ടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി കാലാവധി നീട്ടരുതെന്നും ഉത്തരവില്‍ പറയുന്നു.

🙏മണിപ്പൂര്‍ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസിന്റെ വിചാരണ മണിപ്പൂരിനു പുറത്തു നടത്തണമെന്നും ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

🙏മണിപ്പൂരില്‍ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബോംബേറില്‍ പരിക്കേറ്റാണ് മരണം. ചുരാചന്ദ്പൂരില്‍ വെടിവയ്പ്പില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു.

🙏അധികാരത്തിനു
വേണ്ടി ബിജെപി മണിപ്പൂര്‍ മാത്രമല്ല, രാജ്യംതന്നെ കത്തിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

🙏മണിപ്പൂര്‍ കലാപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിഹാറിലെ ബിജെപിയില്‍ രാജി. ബിജെപി വക്താവായിരുന്ന വിനോദ് ശര്‍മ്മയാണു രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.

🙏പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ അടുത്ത യോഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ മുംബൈയില്‍ ചേരും. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കും.

🙏ഭൂതകാലത്തെ അഴിമതി മറയ്ക്കാനാണ് യുപിഎ എന്ന പേരു മാറ്റി പുതിയ പേരുമായി പ്രതിപക്ഷ കക്ഷികള്‍ എത്തിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നാണക്കേടുമൂലമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നു പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞു.

🙏ജ്ഞാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി അടുത്ത മാസം മൂന്നു വരെ നീട്ടി. വാദം പൂര്‍ത്തിയാക്കി അടുത്ത മാസം മൂന്നിനു വിധി പറയും. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ല. വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടത്.

🙏ബിജെപി തമിഴ് നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന സംസ്ഥാന പദയാത്രയില്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല. നാളെ രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു പളനിസ്വാമിയെ ക്ഷണിച്ചിരുന്നു.

അന്തർദേശീയം

🙏ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചു. പ്രസിഡന്റ് മുഹമ്മദ് ബാസുവിനെ വീട്ടു തടങ്കലിലാക്കി. ഭരണം പിടിച്ചെടുത്തെന്നു കേണല്‍ മേജര്‍ അമാദു അദ്രമാനാണ് വാര്‍ത്താ മാധ്യമത്തിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ചു. തടങ്കലിലായ പ്രസിഡന്റ് മുഹമ്മദ് ബാസുവിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു.

🙏മൂവായിരം കാറുകളുമായി പോകുകയായിരുന്ന ചരക്കുകപ്പലിനു തീ പിടിച്ചു. ഡച്ച് ദ്വീപായ അമേലാന്‍ഡില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്ക് മാറിയാണ് അപകടം. തീപിടിത്തത്തില്‍ ഒരു ജീവനക്കാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മ്മന്‍ തുറമുഖമായ ബ്രെമര്‍ഹാവനില്‍ നിന്ന് ഈജിപ്തിലെ പോര്‍ട്ട് സെയ്ഡിലേക്ക് പോകുകയായിരുന്ന ഫ്രീമാന്റില്‍ എന്ന ചരക്കുകപ്പലിനാണു തീ പിടിച്ചത്.

🙏ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ പേര് ‘എക്സ്’ എന്നു മാറ്റിയതോടെ ഇന്തോനേഷ്യ താല്‍ക്കാലികമായി നിരോധിച്ചു. പോണ്‍ സൈറ്റിനോട് സമാനമായ പേര് വന്നതിനാലാണു നിരോധനം. ഇന്തോനേഷ്യയില്‍ 24 ദശലക്ഷം ഉപയോക്താക്കള്‍ ട്വിറ്ററിനുണ്ട്.

കായികം

🙏വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 114 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. മൂന്ന് ഓവറില്‍ 6 റണ്‍സ് മാത്രം നല്‍കി 4 വിക്കറ്റെടുത്ത കുല്‍ദീപ് യാാദവാണ് കളിയിലെ താരം.

Advertisement