തൃശൂര്‍. ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കിൽ. നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ എം.ഡി മര്‍ദിച്ചെന്ന ആരോപണക്കിലാണ് പണിമുടക്ക്. തുടർന്ന് നഴ്സുമാരുടെ നേതൃത്വത്തിൽ ഡോക്ടറുടെ വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തി. എന്നാൽ ആരോപണം ഡോക്ടർ തള്ളി.
ഇന്നലെയാണ് നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ എം.ഡി മര്‍ദിച്ചതായി ആരോപണമുയർന്നത്. മർദ്ദനത്തിൽ ഗർഭിണിയായ നഴ്സുമാർ ഉൾപ്പെടെ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആശുപത്രി ഉടമ ഡോ.അലോഗിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ പണിമുടക്കുന്നത്. തുടർന്ന് യു എൻ എയുടെ നേതൃത്വത്തിൽ ഡോക്ടറിന്റെ വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തി. വീടിനു സമീപം മാർച്ച് പോലീസ് തടഞ്ഞു. എംഡി ക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾ ഡോക്ടർ അലോക് തള്ളി. പ്രാണരക്ഷാർത്ഥം ചർച്ച നടന്ന റൂമിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് അദ്ദേഹം 24 നോട് പറഞ്ഞു.
നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാന കാരണം. വേതന വര്‍ധനയാണ് മറ്റൊരു ആവശ്യം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടന്നു. ഒടുവില്‍ ഇന്നലെ നടന്ന ചര്‍ച്ചക്കിടെ ആശുപത്രി എം.ഡി ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം. ഇരുകൂട്ടരുടേയും പരാതിയിന്മേല്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.