2023 ജൂലൈ 29 ശനി
കേരളീയം
🙏റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ വിധി ഇന്ന്. ഖത്തറിലെ വ്യവസായിയായ സത്താറിന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്നു സംശയിച്ചാണ് കൊലപാതകം നടത്തിയത്. സത്താറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് 2018 ല്‍ ക്വട്ടേഷന്‍ നടപ്പാക്കിയത്.
🙏ലേബര്‍ ഓഫീസില്‍ ചര്‍ച്ചയ്ക്കിടെ നഴ്സുമാരെ മര്‍ദ്ദിച്ച തൃശൂരിലെ നൈല്‍ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു തൃശൂരില്‍ നഴ്സുമാര്‍ സൂചനാ സമരം നടത്തും. യുഎന്‍എ പിന്തുണയോടെയാണ് സമരം.
🙏ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്നു കേസെടുത്ത പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് ജീവനോടെ ഹാജരായതോടെ പുതിയ നീക്കവുമായി പോലീസ്. ഒന്നര വര്‍ഷം മുന്‍പ് ഭാര്യ അഫ്സാനയും സംഘവും ചേര്‍ന്ന് നൗഷാദിനെ മര്‍ദ്ദിച്ച് മരിച്ചെന്നു കരുതി പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഉപേക്ഷിച്ചുപോയെന്നാണു പോലീസ് തയാറാക്കുന്ന പുതിയ ആരോപണം. ഭാര്യയുടെ ആള്‍ക്കാരുടെ മര്‍ദനം സഹിക്കാനാകാതെ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്ന് നൗഷാദ് മൊഴി നല്‍കിയിട്ടുണ്ട്.
🙏സിപിഎം നേതാവ് പി ജയരാജന്റെ ‘മോര്‍ച്ചറി’ പ്രയോഗം പ്രാസമൊപ്പിച്ചുള്ള പ്രസംഗത്തിലെ ഭാഷാ ചാതുര്യം മാത്രമായി കണ്ടാല്‍ മതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുവമോര്‍ച്ചയോടു ചേര്‍ത്ത് മോര്‍ച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നാണ് ഇ പി ജയരാജന്റെ വിശദീകരണം.
🙏കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അട്ടിമറിച്ചത് വേലി തന്നെ വിളവു തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.
🙏സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിനു കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കാത്തത് അതുകൊണ്ടാണെന്നും സുധാകരന്‍.
🙏കെപിസിസി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രന്റെ മരണത്തിനിടയാക്കിയ മാനസിക സമ്മര്‍ദം പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാറും സുബോധനുമായിരുന്നു അന്വേഷണ കമ്മിറ്റി അംഗങ്ങള്‍. ചില വ്യക്തികളുടെ പ്രേരണയാലാണു മകന്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏പൊന്നാനിയില്‍ ഭാര്യ സുലൈഖയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് യൂനുസ് കോയയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ‘ഉമ്മയെ കൊന്ന ഉപ്പയെ തൂക്കിക്കൊല്ലണ’മെന്ന് വിളിച്ചുപറഞ്ഞ് മക്കള്‍. വൈകാരിക രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. യൂനസ്‌കോയ വിദേശത്തുനിന്ന് എത്തിയതിനു തൊട്ടടുത്ത ദിവസമായിരുന്നു കൊലപാതകം.
🙏വിയ്യൂരില്‍ കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളി മറ്റൊരു തൊഴിലാളിയെ കുത്തിക്കൊന്നു. മുത്തുപാണ്ടി (49)യാണ് കൊല്ലപ്പെട്ടത്. മുത്തു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
🙏ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കണ്ടെത്താനായി വ്യാപക തെരച്ചില്‍. ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയ ആസാം സ്വദേശിയെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇയാള്‍ മദ്യലഹരിയിലാണ്. ചോദ്യം ചെയ്തെങ്കിലും ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെന്നു പോലീസ്.
.
🙏പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ആലപ്പുഴ സനാതനപുരം പതിനഞ്ചില്‍ചിറ വീട്ടില്‍ ശ്രുതിമോള്‍ (24) ആണ് അറസ്റ്റിലായത്.
🙏കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദര്‍ശനനെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന എത്തിയായിരുന്നു പീഡനം.
🙏വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ച പ്രതി അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി എസ്എ വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (26) ആണ് പിടിയിലായത്.
🙏വര്‍ക്കലയില്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഫാന്റം പൈലി എന്ന ഷാജിയെ അറസ്റ്റു ചെയ്തു.
ദേശീയം
🙏നഴ്സിംഗ് പഠനത്തിനു പൊതുപ്രവേശന പരീക്ഷയും നഴ്സുമാര്‍ക്കും പ്രസവ ശുശ്രൂഷകര്‍ക്കും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്ന ദേശീയ നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കമ്മീഷന്‍ ബില്‍ ലോക്സഭ പാസാക്കി. സ്ഥാപിതമാകുന്ന നേഴ്സിംഗ് കമ്മീഷനില്‍ മന്ത്രിമാരും വിദഗ്ധരും അടക്കം 29 പേരുണ്ടാകും. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ 1947 ലെ ദേശീയ നഴ്സിംഗ് കൗണ്‍സില്‍ ആക്ട് അസാധുവാകും. ദേശീയ ഡെന്റല്‍ കമ്മീഷന്‍ ബില്ലും ലോക്സഭ പാസാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് രണ്ടു ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
🙏 ‘ഇന്ത്യ’യെ പേടിച്ച് ബിജെപി എംപിമാര്‍. ഭരണഘടനയിലുള്ള ഇന്ത്യ എന്ന പേര് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ദുരുപയോഗിക്കുന്നതു തടയണമെന്ന് ബിജെപി എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡില്‍ നിന്നുള്ള എംപി നരേഷ് ബന്‍സലാണ് രാജ്യസഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്. രാജ്യസഭയിലെ ചെയറില്‍ പിടി ഉഷയായിരുന്നു. വിഷയം അവതരിപ്പിച്ചതില്‍ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു ബഹളംവച്ചു.
🙏പ്രതിപക്ഷ എംപിമാര്‍ ഇന്നു മണിപ്പൂരിലേക്ക്. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലുള്ള ചര്‍ച്ച മോദി സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സന്ദര്‍ശനവുമായി എംപിമാര്‍ ഇറങ്ങിത്തിരിച്ചത്. ഇതേസമയം, രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചതുമൂലമാണ് മണിപ്പൂരില്‍ കലാപമുണ്ടായതെന്ന് മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ ഇന്നലെ ആരോപിച്ചു.
🙏സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 42 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പതിനാറാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിനു നല്‍കിയ മറുപടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 2026 -27 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണു പതിനാറാം ധനകമ്മീഷന്‍ രൂപീകരിക്കുന്നത്.
🙏സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. സെലക്ഷന്‍ കമ്മിറ്റി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കി. അതിലുണ്ടായ പരാതികള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
🙏ജര്‍മനിയിലും യുകെയിലും നഴ്സുമാരെ നിയമിക്കാന്‍ നോര്‍ക്ക മുഖേനെ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷയും നോര്‍ക്കയുടെ വെബ് സൈറ്റില്‍.
🙏മണിപ്പൂരില്‍ രണ്ടു കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ എഫ്ഐആറില്‍ കൂട്ടബലാല്‍സംഗം ഇല്ല. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. നഗ്‌നരാക്കി നടത്തിയതു മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും കലാപമുണ്ടാക്കാനുമാണെന്ന് ആരോപിച്ച് ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തിട്ടുമുണ്ട്.
🙏മണിപ്പൂരില്‍ സുരക്ഷാ സേനയെ വഴിയില്‍ വളഞ്ഞുവച്ച് കുക്കി ഗോത്രവര്‍ഗക്കാരായ സ്ത്രീകള്‍. തെന്‍ഗ്‌നോപാല്‍ ജില്ലയില്‍നിന്ന് മൊറേ നഗരത്തിലേക്കു ബസില്‍ പോകുകയായിരുന്ന സേനയെ തടയുകയായിരുന്നു. തങ്ങളുടെ മേഖലയിലേക്കു സേനാവിന്യാസം വേണ്ടെന്നു മുദ്രാവാക്യം മുഴക്കിയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം സേനയും കുക്കി വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നു കൂടുതല്‍ സേനയെ എത്തിക്കാനുള്ള നീക്കമാണു തടഞ്ഞത്.
🙏തമിഴ്നാട്ടിലെ കടലൂരില്‍ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനെതിരായ പിഎംകെ പ്രതിഷേധ സമരം യുദ്ധക്കളമായി മാറി. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരേ പിഎംകെ അധ്യക്ഷന്‍ അമ്പുമണി രാംദോസിന്റെ നേതൃത്വത്തിലായിരുന്നു സമരം. കല്ലെറിഞ്ഞ സമരക്കാരെ നേരിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിട്ടും ഫലിക്കാതെയാണ് വെടിവച്ചത്.
🙏പൂനയിലെ ഭീമ – കൊറോഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേര എന്നിവര്‍ക്കു സുപ്രീം കോടതി ജാമ്യം നല്‍കി. യുഎപിഎ ചുമത്തി 2018 ലാണ് ഇവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അഞ്ചു വര്‍ഷം ജയിലില്‍ കിടന്ന ഇവരെ ഇനിയും വിചാരണ നടത്താതെ ജയിലില്‍ അടയ്ക്കുന്നതു ന്യായമല്ലെന്നു കോടതി നിരീക്ഷിച്ചു.
🙏രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി സ്റ്റാലിന്‍ സര്‍ക്കാരിലാണെന്നും മകനെ മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ ശ്രമമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം സഖ്യത്തിന്റെ പേരു മാറ്റിയതുകൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികള്‍ ജനങ്ങള്‍ മറക്കില്ല. രാമേശ്വരത്ത് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🙏നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയെ കസ്റ്റഡിയിലെടുത്തെങ്കിലും ശോഭന പരാതി പിന്‍വലിച്ചതോടെ താക്കീതു നല്‍കി വിട്ടയച്ചു.
🙏കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തക ശകുന്തളയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. ഉഡുപ്പി കോളജിലെ ശുചിമുറിയില്‍ കാമറ വച്ചതിനു വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റിലായ സംഭവം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തെ സിദ്ധരാമയ്യയുടെ മരുമകള്‍ക്കോ ഭാര്യക്കോ സംഭവിച്ചാല്‍ ഇങ്ങനെ പറയുമോ എന്നു ചോദിച്ചുള്ള പോസ്റ്റിനാണ് അറസ്റ്റ്.
അന്തർദേശീയം
ലോക വിപണിയില്‍ അരിവില കുതിച്ചുയരുന്നു. ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെയാണ് വിയറ്റ്നാമില്‍നിന്നും തായ്‌ലന്‍ഡില്‍നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്.