തിരുവനന്തപുരം. രണ്ടര വയസുകാരന് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിക്കെതിരെയാണ് ആക്ഷേപം. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയത് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കുട്ടിക്ക് ചികിത്സ നിഷേധിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
പനിയും ശ്വാസം മുട്ടലും മൂലം അവശനായ നിലയിൽ ഇന്നലെ രാത്രിയാണ് കുട്ടിയെ തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ എത്തിച്ചത്. വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ കുട്ടിക്ക് ചികിത്സ നൽകാൻ ആവില്ലെന്ന് നിലപാട് സ്വീകരിച്ചതായി കുട്ടിയുടെ അമ്മ ആരോപിച്ചു.
കുഞ്ഞിന്റെ അവസ്ഥ മോശമാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഡോക്ടര്‍ ദയകാട്ടിയില്ലെന്നും ആക്ഷേപമുണ്ട്.
കുട്ടി ഇപ്പോൾ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടര്‍ക്കെതിരെ കുടുംബം തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.