സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് സിപിഎം

Advertisement

തിരുവനന്തപുരം. എ.എന്‍. ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
മിത്തുകളെ ശാസ്‌ത്രമായും ചരിത്രമായും കണ്ടുകൊണ്ട്‌ നടത്തുന്ന പ്രചരണങ്ങള്‍ ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണ്‌. അതിലൂടെ അശാസ്‌ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്‌. അതിന്റെ ഭാഗമായി സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്‌. ശാസ്‌ത്രീയമായ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്വത്തെ തടയുന്നതിനുള്ള ശ്രമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക്‌ നാടിനെ നയിക്കാനെ ഇടയാക്കൂ. ശാസ്‌ത്രീയമായ കാഴ്‌ച്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗ്ഗീയമായി ചിത്രികരിക്കുന്ന രീതിയെ ശക്തമായി അപലപിക്കേണ്ടതുണ്ട്‌.
ഏത്‌ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്‌. അത്‌ സംരക്ഷിക്കുക എന്നത്‌ ജനങ്ങളുടെ മൗലീകവകാശമാണ്‌. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ വിശ്വാസങ്ങളെ ശാസ്‌ത്ര ചിന്തകളായി അവതരിപ്പിക്കുന്നത്‌ ശാസ്‌ത്രത്തിന്റെ വികാസത്തേയും അതുവഴി നാടിന്റെ പുരോഗതിയേയും തടയുന്നതിനെ ഇടയാക്കൂ. സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചരണങ്ങളെ സംബന്ധിച്ച്‌ യു.ഡി.എഫിന്റെ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്‌.
കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന്‌ ഇടതുപക്ഷത്തിനെതിരെ യോജിക്കുന്ന സ്‌തിതിവിശേഷം നിലനില്‍ക്കുകയാണ്‌. ഇതിന്റെ ഉദാഹരണമാണ്‌ കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മൂന്ന്‌ അംഗങ്ങള്‍ കോണ്‍ഗ്രസ്സിന്‌ വോട്ട്‌ ചെയ്യുകയും കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തും ഇതെ രീതിയില്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി വിജയിക്കുന്ന സ്ഥിതി ഉണ്ടായി. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Advertisement