പ്രതി കുട്ടിയുടെ കൈപിടിച്ച് ചന്തയിലേക്ക് പോകുന്നത് കണ്ടു; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

Advertisement

കൊച്ചി:ആലുവയിൽ ബിഹാർ ദമ്പതികളുടെ അഞ്ച് വയസ്സുകാരി ചാന്ദ്‌നി എന്ന കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതൽ കാണാതായ കുട്ടിക്കായി തെരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെയാണ് ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 20 മണിക്കൂറായി കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. ഇത് ശ്രദ്ധിച്ചയാളുകളാണ് വിവരം പോലീസിനെ അറിയിച്ചത്. 

അതേസമയം ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് കുഞ്ഞിന്റെ കൈ പിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പുറകുവശത്തേക്ക് പോകുന്നത് കണ്ടെന്ന് ചുമട്ടുതൊഴിലാളിയായ താജുദ്ദീൻ പറഞ്ഞു. സംശയം തോന്നിയതിനാൽ അസ്ഫാഖിനോട് കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും കുട്ടി തന്റേത് തന്നെയാണെന്ന് അസ്ഫാാഖ് പറഞ്ഞതായും താജുദ്ദീൻ പറഞ്ഞു. ഈ സമയം കുട്ടിയുടെ കൈയിൽ മിഠായി ഉണ്ടായിരുന്നു

ഇതിന് പിന്നാലെ കുട്ടിയെ കാണാതായെന്ന വാർത്ത കണ്ടതോടെ താജുദ്ദീൻ പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി പരിശോധിച്ചു. സിസിടിവിയിൽ കുട്ടിയുടെ കൈ പിടിച്ചു പോകുന്ന അസ്ഫാഖിനെ കണ്ടെങ്കിലും തിരിച്ച് പോകുന്നത് കണ്ടിരുന്നില്ല. ആദ്യത്തെ പരിശോധനയിൽ മാർക്കറ്റിൽ നിന്നും സൂചനയൊന്നും ലഭിച്ചിരുന്നില്ല. വീണ്ടും സംശയം തോന്നിയതിനെ തുടർന്നാണ് പോലീസ് മാർക്കറ്റിൽ പരിശോധന നടത്തിയത്. 

ഇന്നലെയാണ് പ്രതി അസ്ഫാഖ് ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ചാന്ദ്‌നിയെ കൂട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ഇയാൾക്കും കുട്ടിക്കുമായി അന്വേഷണം ആരംഭിച്ചിരുന്നു. രാത്രിയോടെ അസ്ഫാഖിനെ പോലീസ് പിടികൂടിയെങ്കിലും ഇയാൾ ലഹരി ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിലായതിനാൽ കുട്ടിയെ കുറിച്ചുള്ള വിവരമൊന്നും കിട്ടിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഇത് അന്വേഷണത്തെ വഴിതിരിച്ചു വിടാനാണെന്ന് പോലീസ് പറയുന്നു.