തിരുവനന്തപുരം. തലസ്ഥാനത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതിയുടെ(സി.എം.പി.) കരട് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ ഗതാഗത വികസനത്തിന് മോണോ റെയിൽ, മെട്രോ റെയിൽ, മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവയുടെസാധ്യതകൾ ഉപയോഗിക്കണമെന്നു മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ കരട് റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു.
വനിതാ ശിശു സൗഹൃദ കോറിഡോർ, വിഴിഞ്ഞം പദ്ധതി, എയർപോർട്ട് എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചുള്ള ഗതാഗത വികസനം, എലിവേറ്റഡ് ഹൈവേ, തിരുവനന്തപുരം, നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനം എന്നിവയും സമഗ്ര ഗതാഗത പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ചർച്ചയിൽ തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള അവതരണവും തുടർ ചർച്ചകളും സംഘടിപ്പിക്കാനും തീരുമാനിച്ചു. മന്ത്രിമാരായ ആൻ്റണി രാജു, ജി.ആർ.അനിൽ തുടങ്ങി തിരുവനന്തപുരം നഗരത്തിലെ ജനപ്രതിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.