ആലുവ . കേരളത്തിനാകെ ഹൃദയഭാരമായി മാറിയ മറുനാട്ടുകാരി കുരുന്നിന് യാത്രാമൊഴിയേകി മലയാള നാട്. കുട്ടി പഠിച്ചിരുന്ന തൈക്കാട്ടുകര എൽപി സ്കൂളിലെ പൊതു ദർശനത്തിന് 100 കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ വിങ്ങിപ്പൊട്ടിയാണ് നാടിന്റെ മകളെ അധ്യാപകരും, കൂട്ടുകാരും യാത്രയാക്കിയത്.
സ്കൂൾ യൂണിഫോമിട്ട് എത്തേണ്ടിയിരുന്ന കുട്ടിയുടെ ഇന്നത്തെ വരവ് വെളള പുതച്ച്. മകളുടെ മൃതദേഹം കണ്ട അമ്മ തളര്‍ന്നുവീണു.
കരച്ചിൽ അടക്കാൻ ആവാതെ നിരവധി അമ്മമാർ. ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് മൃതദേഹം പൊതുദർശനത്തിന് വച്ച തൈക്കാട്ടുകര എൽ പി സ്കൂൾ സാക്ഷിയായത്. സഹപാഠികളും, അധ്യാപകരും, നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
നാടിൻറെ പൊന്നുമോളെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയവരിലൊരാൾ കുഞ്ഞു പാവയുമായി എത്തിയതും വേദനിപ്പിക്കുന്ന കാഴ്ചയായി.
സ്കൂളിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി കീഴ്മാട് പൊതുശ്മശാനത്തിലേക്ക്. അവസാനമായി ഒരു നോക്കു കാണാൻ അവിടെയും കാത്തുനിന്നത് 100 കണക്കിനാളുകൾ.
അതിനിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്കാര ചടങ്ങുകളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തത് വിവാദമായി. ജില്ലയില്‍ നിന്നുള്ള മന്ത്രി പി.രാജീവോ, ജില്ലാ കളക്ടറോ പൊതുദര്‍ശനത്തിനോ സംസ്കാര ചടങ്ങുകള്‍ക്കോ എത്തിയില്ല. പൊതുദര്‍ശനം നടന്ന സ്കൂളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പോലീസ് വിന്യാസം പോലും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല.
ആലുവയില്‍ കുരുന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിരോധത്തില്‍ നില്‍ക്കെയാണ് സംസ്കാര ചടങ്ങില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരുടെ അസാന്നിദ്ധ്യം ചര്‍ച്ചയാകുന്നത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങുമ്പോഴോ, അവിടെ നിന്നും പൊതുദര്‍ശനത്തിനെത്തിച്ചപ്പോഴോ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല. ജില്ലാ കളക്ടര്‍ ക്യാമ്പ് ഓഫീസില്‍ ഉണ്ടായെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു വരാതിരുന്നതിന് ലഭിച്ച മറുപടി. കുട്ടിയുടെ മരണം ഭരണകൂടത്തിന്‍റെ പിടിപ്പുകേടെന്ന ആക്ഷേപം ശക്തമായതോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളും ഇടതുപക്ഷ സൈബര്‍ ഹാന്‍ഡിലുകളും പതുക്കെ നിശബ്ദമായത്.
രാവിലെ പൊതുദര്‍ശനം നടന്ന സ്കൂളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പോലീസ് വിന്യാസം പോലും ഉണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ശേഷമാണ് പോലീസെത്തിയത്. ഇതിനിടെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഭാഗമായ അഡ്വ.കെ.എസ്.അരുണ്‍കുമാര്‍ ശ്മശാനത്തില്‍ വന്നുപോയി.