യാത്രക്കാരനെ ബസിനുള്ളിലിട്ട് മർദിച്ച കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ; മർദനം പെൺസുഹൃത്തിനൊപ്പം ഇരുന്നതിന്

Advertisement

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവാവിനെ മർദ്ദിച്ച കണ്ടക്ടർ അറസ്റ്റിലായി. ബസിനുള്ളിൽ നിലത്തിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാട്ടാക്കട ഡിപ്പോയിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വെങ്ങാനൂർ ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋതിക് കൃഷ്ണനെ (23) ആണ് വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാർ മർദ്ദിച്ചത്.

തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിൽ എത്തിയ വെള്ളറട ഡിപ്പോ ബസിൽ ഒരു സീറ്റിൽ ഇരിക്കുകയായിരുന്നു യുവാവും പെൺ സുഹൃത്തും. ബസിൽ കയറിയ സമയം മുതൽ സുരേഷ് കുമാർ ഋത്വിക്കിനെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ബസ് കാട്ടാക്കട ഡിപ്പോയിൽ എത്തിയതോടെ കണ്ടക്ടർ ഇവരുടെ അടുത്തെത്തി ഋത്വിക്കിന്റെ ചെവിയിൽ മോശമായി സംസാരിച്ചു.

അനാവശ്യം പറയുന്നോഎന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷ്യൻ ഉപയോഗിച്ച് സുരേഷ് കുമാർ ഋത്വിക്കിന്റെ തലക്ക് അടിച്ചു. ഷർട്ടിൽ പിടിച്ച് തള്ളി താഴെയിട്ടു മർദ്ദിച്ചുവെന്നും യുവാവു പറഞ്ഞു. ബസിൽ കയറാൻ എത്തിയ ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കാട്ടാക്കട പോലീസ് സ്ഥലത്തെത്തി കണ്ടക്ടറെ സ്റ്റേഷനിൽ എത്തിച്ചു. ജോലി തടസപ്പെടുത്തിയെന്നാണ് കണ്ടക്ടർ പൊലീസിനെ അറിയിച്ചത്. എന്നാൽ വീഡിയോ ദൃശ്യങ്ങൾ കണ്ടതോടെ കൂടുതൽ അന്വേഷണം നടത്തിയിട്ടേ നടപടി എടുക്കുകയുള്ളു എന്ന് പൊലീസ് നിലപാട് സ്വീകരിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതോടെ സുരേഷ് കുമാറിനെതിരെരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാർ ആളുകളോട് മോശമായി പെരുമാറിയതിന് നേരത്തെയും നടപടി നേരിട്ടിട്ടുണ്ട്.