ഞാന്‍ എക്‌സ്മാന്‍ അല്ല; ബ്ലാക്ക്മാന്‍…. പ്രദേശത്തെ ഭീതിയിലാക്കി അജ്ഞാതന്റെ വിളയാട്ടം

Advertisement

കഴിഞ്ഞ 2 ദിവസമായി കണ്ണൂര്‍ ചെറുപുഴയില്‍ വീടുകളുടെ ഭിത്തികളും മതിലുകളും കരി കൊണ്ട് എഴുതി വികൃതമാക്കിയും ചിത്രങ്ങള്‍ വരച്ചും സാമൂഹ്യവിരുദ്ധന്റെ വിളയാട്ടം തുടരുകയാണ്. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രാപ്പൊയില്‍ ഈസ്റ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രി കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത വീടുകളുടെ സമീപത്തെ വീടുകളിലാണ് വെള്ളിയാഴ്ച രാത്രി വീണ്ടും അജ്ഞാതന്റെ വിളയാട്ടം ഉണ്ടായത്. വീടുകള്‍ക്കു പുറമേ ഇന്നലെ ഗോക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ഭിത്തിയുടെ ഇരുവശങ്ങളിലും കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തു.
ചില വീടുകളുടെ ഭിത്തിയില്‍ താന്‍ എക്‌സ്മാന്‍ അല്ലെന്നും ബ്ലാക്ക്മാനാണെന്നും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. ഈ മേഖലയില്‍ അജ്ഞാതന്റെ വിളയാട്ടം തുടങ്ങിയിട്ടു 9 ദിവസം കഴിഞ്ഞു. പല ദിവസങ്ങളിലും പ്രദേശത്തെ വീടുകളിലെ വാതിലുകളിലും ജനലുകളിലും അടിച്ച് ശബ്ദം ഉണ്ടാക്കി നാട്ടുകാരെ ഭീതിയിലാക്കുകയായിരുന്നു. ഇതിനുപുറമേ കുടകള്‍ നശിപ്പിക്കുക, ബള്‍ബുകള്‍ ഊരി മാറ്റിവയ്ക്കുക, തുണികള്‍ മടക്കി വയ്ക്കുക തുടങ്ങിയ വിക്രിയകളും നടത്തിവന്നിരുന്നത്. നേരത്തെ പോലീസ് പരിശോധന നടത്തിയ സമയത്തു വീടുകളുടെ ഭിത്തികളിലും ചുവരുകളിലും എഴുതിയിരുന്നില്ല. തുടര്‍ന്നു രാത്രി 12 മണിയോടെ വീണ്ടും എത്തിയപ്പോഴേക്കും അജ്ഞാതന്‍ തന്റെ ജോലി നിര്‍വഹിച്ച ശേഷം സ്ഥലം വിട്ടിരുന്നു.

Advertisement