വാട്ടര്‍ കണക്ഷന്‍ കിട്ടിയതുപോലും അറിയാതെ ബില്ല് ലഭിച്ചതിന്റെ അങ്കലാപ്പില്‍ കര്‍ഷകന്‍

Advertisement

കുടിവെള്ള കണക്ഷനുവേണ്ടി അപേക്ഷ നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും അറിയിപ്പൊന്നും ലഭിച്ചില്ല; ഒടുവില്‍ കിട്ടി വെള്ളം ഉപയോഗിച്ചതിന് ബില്ല്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത വെള്ളത്തിന് 380 രൂപയുടെ ബില്ലാണ് നല്ലേപ്പിള്ളി കെകെ പതി ചേറ്റുമടക്കളം കെ.രാജഗോപാലന് ലഭിച്ചത്. കഴിഞ്ഞ ദിവസം ബില്ല് കയ്യില്‍ കിട്ടിയപ്പോഴാണ് സഹോദരന്റെ പറമ്പില്‍ സ്ഥാപിച്ച 3 കണക്ഷനില്‍ ഒന്നു തങ്ങള്‍ക്കുള്ളതാണെന്നു രാജഗോപാലന്‍ അറിയുന്നത്. വാട്ടര്‍ കണക്ഷന്‍ കിട്ടിയതുപോലും അറിയാതെയാണ് ബില്ല് ലഭിച്ചിരിക്കുന്നതിന്റെ അങ്കലാപ്പിലാണ് രാജഗോപാലന്‍.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്‌നമായതെന്ന് കുടുംബം ആരോപിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഒരു ജീവനക്കാരനെത്തി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിപ്പോയിരുന്നു. എന്നാല്‍, കണക്ഷന്‍ നല്‍കുന്നതു സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലായെന്ന് രാജഗോപാലന്‍ പറയുന്നു. രാജഗോപാലനും രണ്ടു സഹോദരന്മാരും അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്. തന്റെ വീട്ടില്‍നിന്നു 300 മീറ്ററോളം അകലെ സ്ഥാപിച്ച പൈപ്പില്‍നിന്ന് ഇതുവരെ വെള്ളം ഉപയോഗിച്ചിട്ടില്ല. മീറ്റര്‍ റീഡിങ് പൂജ്യത്തിലാണുള്ളത്. പരാതിപ്പെട്ടതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ബില്ല് അടയ്ക്കണമെന്നാണ് അറിയിച്ചതെന്നു രാജഗോപാല്‍ പറയുന്നു.

Advertisement