ഭർത്താവ് ലൈംഗിക ചൂഷണം നടത്തി, ചിത്രീകരണം ഭാര്യ; ദൃശ്യങ്ങൾ വിറ്റത് 500 മുതൽ 1500 വരെ രൂപയ്ക്ക്

Advertisement

കുളത്തൂപ്പുഴ (കൊല്ലം): പിന്നാക്ക വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടിൽ ലൈംഗിക ചൂഷണത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പകർത്തി വിറ്റതിന് അറസ്റ്റിലായ ദമ്പതികൾ, ചിത്രങ്ങളും വിഡിയോകളും 500 മുതൽ 1500 രൂപ വരെ വിലയ്ക്കാണു വിൽപന നടത്തിയതെന്ന് പൊലീസ്. ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രമിലെ സർവീസ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തായിരുന്നു വിൽപന. സാംനഗർ കാഞ്ഞിരോട്ടുകുന്നുംപുറത്ത് വിഷ്ണു ഭവനിൽ വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരെ ഇന്നലെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്വീറ്റിയെ 2022 ജൂലൈ 14ന് ചെങ്ങന്നൂരിലെ വീട്ടിൽ നിന്നു വിഷ്ണു കൂട്ടിക്കൊണ്ടു വരികയായിരുന്നു. വീട്ടുകാരുമായി അകൽച്ചയിലായതിനാൽ വേറെ വഴിയില്ലാതെയാണു വിഷ്ണുവിന്റെ സമർദ്ദങ്ങൾക്കു വഴങ്ങി വിഡിയോകൾ എടുത്തതെന്നാണു സ്വീറ്റിയുടെ വാദം. വിഷ്ണു ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ചിത്രങ്ങളും വിഡിയോകളും അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതായും പൊലീസിനു സൂചന ലഭിച്ചു.

നേരത്തെ, ചൈൽഡ് ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെൺകുട്ടി സുഹൃത്തിനോടു പറ‍ഞ്ഞ വിവരം അധ്യാപകരിലൂടെ അറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിക്കുകയായിരുന്നു. വാടകവീടിനു സമീപത്തെ പെൺകുട്ടിയെ വീട്ടിൽ ട്യൂഷൻ നൽകാനായെന്ന വ്യാജേന കൊണ്ടുവരുകയും പിന്നീടു നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും വിഷ്ണു, ഭാര്യ സ്വീറ്റിയെ ഉപയോഗിച്ചാണു ചിത്രീകരിച്ചതെന്നു പൊലീസ് പറഞ്ഞു.

ഒട്ടേറെപ്പേർ ചിത്രങ്ങളും വിഡിയോകളും വില നൽകി വാങ്ങിയതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ പൊലീസിന്റെ സൈബർ വിഭാഗം കൂടുതൽ അന്വേഷണം നടത്തും. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.