കോട്ടയം. വൈക്കത്ത് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം.
ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ സുജീഷ്മോഹനെ സ്വകാര്യ ബസിലെ ജീവനക്കാർ ബസിൽ കയറി മർദിക്കുകയായിരുന്നു. യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയ്യേറ്റത്തിൽ കലാശിച്ചത്.
വൈക്കം ദളവാക്കുളം സ്റ്റാൻഡിൽ നിര്‍ത്തിയിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയായിരുന്നു സ്വകാര്യ ബസ് ജീവനക്കാരുടെ അസഭ്യവും ആക്രമണവും. പരിക്കേറ്റ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ സുജീഷ്മോഹനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ വൈക്കത്ത് നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് അക്രമം. മുഖത്തും കൈയ്ക്കും തലയ്ക്കും പരിക്കേറ്റ സുജീഷ് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .
വൈക്കം വെച്ചൂർ റൂട്ടിൽ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് കൈയ്യേറ്റത്തിലേക്ക് കടന്നത്. വെച്ചൂർ റൂട്ടിലോടുന്ന ശ്രീ ഗണേശ ബസ്സിലെ ഡ്രൈവറാണ് മർദ്ദിച്ചതായി പറയുന്നത്. സുജീഷ് മോഹൻ്റെ മൊഴിയെടുത്ത് വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.