വാർത്താനോട്ടം

Advertisement

കേരളീയം

2023 ജൂലൈ 31 തിങ്കൾ

🙏ആലുവായില്‍ അഞ്ചുവയസുകാരിയെ ബലാത്സഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഇന്നു കാടതിയില്‍ ആവശ്യപ്പെടും. കൊലപാതകം, ബലാത്സംഗം അടക്കം ഒന്‍പത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡി ഐ ജി ശ്രീനിവാസ് വ്യക്തമാക്കി.

🙏മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ച പോലീസ് ഐജി ലക്ഷ്മണിനെ ഇന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സണ്‍ മാവുങ്കലിന്റെ കേസിലാണു ചോദ്യം ചെയ്യുന്നത്. സസ്പെന്‍ഷന്‍ പിന്‍വലിച്ചു സര്‍വീസില്‍ തിരിച്ചെടുത്ത ലക്ഷ്ണിനെതിരേ സര്‍ക്കാര്‍ ഉടനേ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും.

🙏ബേപ്പൂര്‍ തുറമുഖത്ത് വിദേശ കപ്പലുകള്‍ അടുപ്പിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സിനും ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു.

🙏പൊലീസ് തലപ്പത്ത് മാറ്റം. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടികെ വിനോദ് കുമാറിനെ വിജിലന്‍സ് ഡയറക്ടറാക്കി. മനോജ് എബ്രഹാമാണ് ഇന്റലിജന്‍സ് എഡിജിപി. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തുനിന്നു ഫയര്‍ ഫോഴ്സ് മേധാവിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായയെ ജയില്‍ മേധാവിയാക്കി. കൊച്ചി കമ്മീഷണര്‍ സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാന ചുമതല. എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും.

🙏ഭര്‍ത്താവ് നൗഷാദിനെ കൊലപ്പെടുത്തിയെന്നു പോലീസ് മര്‍ദിച്ചു പറയിപ്പിച്ചതാണെന്ന് അഫ്സാന. വനിതാ പൊലീസും പുരുഷ പോലീസും മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്പ്രേ അടിച്ചു. തന്നേയും വാപ്പയേയും കെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തി. സഹിക്കാനാകാതെയാണ് ഭര്‍ത്താവിനെ കൊന്നെന്നു പറയണമെന്ന പോലീസിന്റെ ആവശ്യത്തിനു വഴങ്ങേണ്ടി വന്നത്.

🙏മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ ജയിലിലടച്ചതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്നതിനെതിരെ പ്രതിഷേധിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസിലാണ് 95 കാരനായ ഗ്രോ വാസുവിനെ കോടതി റിമാന്‍ഡ് ചെയ്തത്.

🙏ഇടുക്കിയിലെ കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗം. മുണ്ടിയെരുമയിലെ പട്ടം കോളനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.

🙏ആലുവായില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ പേരില്‍ പരസ്പരം പഴിചാരി രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങള്‍ ഇന്ന്. പൊലീസ് അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ് ആലുവ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിലേക്ക് ഇടതു മുന്നണിയും സമരം നടത്തും. പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച് ബിജെപിയും ഇന്ന് എസ്പി ഓഫീസിലേക്കു മാര്‍ച്ചു ചെയ്യും.

🙏ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്‌കാര കര്‍മ്മം നടത്താന്‍ പൂജാരിമാര്‍ തയാറാകാതിരുന്നതിനാലാണു താന്‍ കര്‍മം ചെയ്തതെന്ന് ഓട്ടോ ഡ്രൈവര്‍. ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്നു പറഞ്ഞാണ് പൂജാരിമാര്‍ ഒഴിഞ്ഞത്. കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണു പൂജാരിമാരെ സമീപിച്ചത്. അനാഥരുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോയി പരിചയമുള്ളതിനാലാണ് സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്തതെന്നും ഓട്ടോ ഡ്രൈവര്‍ രേവത് ബാബു പറഞ്ഞു.

🙏ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ലെന്ന വിവാദത്തിനു പിറകെ മന്ത്രി വീണാ ജോര്‍ജ്ജും കളക്ടറും കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രിവീണാ ജോര്‍ജ്ജ് ആശ്വസിപ്പിച്ചു. പ്രതിക്കു പരമാവധി ശിക്ഷ നല്‍കുമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

🙏ആലുവയിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

🙏പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

🙏തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബംഗാളിയായ സുബ്രാതോകൗറിനെയാണു കസ്റ്റഡിയിലെടുത്തത്.

🙏പുളിമരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ് വാതില്‍പ്പടിയിലിരുന്ന വീട്ടമ്മ മരിച്ചു. രണ്ടു സ്ത്രീകള്‍ക്കു പരിക്കേറ്റു. കോട്ടയം പള്ളം മലേപറമ്പില്‍ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി എന്ന നാല്‍പത്തൊമ്പതുകാരിയാണു മരിച്ചത്.

🙏പാലക്കാട് കൊപ്പത്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തിനെതിരേ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. ലീഗ് പ്രവര്‍ത്തകര്‍ക്കും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെയായിരുന്നു മുദ്രാവാക്യം മുഴക്കിയിരുന്നത്.

ദേശീയം

🙏മൂന്നു മാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ എംപിമാര്‍. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ എംപിമാര്‍ വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കും. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണം. 140 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. അയ്യായിരത്തിലേറെ വീടുകള്‍ കത്തിച്ചു. അറുപതിനായിരത്തിലേറെ പേര്‍ കുടിയൊഴിക്കപ്പെട്ടു. അവര്‍ ചൂണ്ടിക്കാട്ടി.

🙏വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും പ്രഖ്യാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശിക്കും. രാവിലെ 11 ന് ദഗ്ദുഷേത് മന്ദിറില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തും. ഉച്ചയ്ക്ക് പ്രധാനമന്ത്രി മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

🙏ഓഗസ്റ്റ് 12 നു നടക്കുന്ന ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാനലിലെ സ്ഥാനാര്‍ത്ഥികളേ ജയിക്കൂവെന്ന് ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയിലെ പ്രതിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. 25 സംസ്ഥാന അസോസിയേഷനുകളില്‍ 22 ഉം തനിക്കൊപ്പമാണെന്ന് ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു.

അന്തർദേശീയം

🙏പാക്കിസ്ഥാനില്‍ പാര്‍ട്ടി സമ്മേളനത്തിനിടെ സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. ബജൗറിയിലെ ഖാറിലാണു സംഭവം. ജം ഇയ്യത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി സമ്മേളനത്തിനിടെയാണു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരും.

🙏അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നവരുടെ പട്ടികയിലേക്ക് ഒരു ഇന്ത്യന്‍ വംശജന്‍കൂടി. എന്‍ജിനിയറായ ഹിര്‍ഷ് വര്‍ധന്‍ സിംഗാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത്. ഇന്ത്യന്‍ വംശജരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുമായ നിക്കി ഹേലി, വിവേക് രാമസ്വാമി എന്നിവരും സ്ഥാനാര്‍ത്ഥിത്വം
പ്രഖ്യാപിച്ചിട്ടുണ്ട്.

കായികം

🙏ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഒരു ദിവസവും 10 വിക്കറ്റും കയ്യിലിലരിക്കേ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 249 റണ്‍സ്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 395 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 384 റണ്‍സായിരുന്നു. മഴമൂലം നാലാം ദിനം നേരത്തേ കളിയവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സെന്ന നിലയിലാണ് ഓസീസ്.

Advertisement