ആലുവ. പിഞ്ചു കുഞ്ഞിന്റെ കൊലപാതകം പാർലമെന്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇതിനിടെ കുഞ്ഞിന്റെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. എന്നാൽ വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.
നാടിനെ നടുക്കിയ കൊലപാതകം ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനു മുന്നോടിയായി ബെന്നി ബഹനാൻ എംപി ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ഇനി കേരളത്തിൽ ആവർത്തിക്കാൻ പാടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ പോലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. ഇതിനിടെ പ്രതിപക്ഷ നേതാക്കൾ ഓരോരുത്തരായി സർക്കാർ വീഴ്ചകൾ ഉയർത്തിപ്പിടിച്ചു. ആലുവയിലെ സംഭവത്തിലെ പോലീസിന്റെ മാപ്പ് പരാമർശത്തിൽ മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ലജ്ജിക്കുന്നു എന്ന് രമേശ് ചെന്നിത്തല
എന്നാൽ ആരോപണങ്ങൾ തള്ളി ഭരണപക്ഷവും പ്രതിരോധം തീർക്കുന്നുണ്ട്. ഗവണ്മെന്റ് എന്ന നിലയിൽ ഫലപ്രദമായി ഇടപെട്ടുവെന്നും സംഭവത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമുണ്ടാക്കുന്നുവെന്നും മന്ത്രി എംബി രാജേഷ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞത് എട്ടുമണിക്ക് എന്ന് എഫ്ഐആറിൽ പോലീസ് കള്ളം പറഞ്ഞുവെന്ന് അൻവർ സാദത്ത് എംഎൽഎ ആരോപിച്ചു. പോലീസ് വീഴ്ച ആരോപിച്ച് ആലുവ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസും ബിജെപിയും പ്രതിഷേധ മാർച്ച് നടത്തി.
ഈ രാഷ്ട്രീയ വാഗ്വാദങ്ങൾക്കിടയിലും ഇത്തരം ഭീകര സംഭവങ്ങള്‍ ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും. ഈ കുഞ്ഞിന് നീതി ഉറപ്പിക്കണമെന്നുമാണ് പൊതു സമൂഹത്തിൽ നിന്ന് ഉയരുന്ന ആവശ്യം.