ചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി സുജാത

Advertisement

കേരളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് അറുപത് വയസ് തികഞ്ഞത് പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏറെ പ്രിയപ്പെട്ടവളാണ് മലയാളികൾക്ക് ചിത്ര.ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും.​ എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ചിത്ര. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.

കെ എസ് ചിത്രയ്ക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് മനോഹരമായൊരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ​ഗായിക സുജാത. സുജാതയ്ക്ക് ഒപ്പം ഭർത്താവ് മോഹനനും മകൾ ശ്വേതയും പേരക്കുട്ടിയുമെല്ലാം വീഡിയോയിലുണ്ട്.

“ഹാപ്പി ബർത്ത്ഡേ ചിത്രാ… ഇതൊരു സ്പെഷൽ പിറന്നാളാണ്. 60-ാം പിറന്നാളിത്. അടുത്തിടെ 60-ാം പിറന്നാൾ ആഘോഷിച്ച ആളാണ് ഞാൻ. മൂന്നുമാസത്തിന് മൂത്ത ചേച്ചിയാണ് ഞാൻ. ഇനിയും ഒരുപാട് പാടുക. ആരോഗ്യത്തോടെയിരിക്കുക,” സുജാതയുടെ ആശംസയിങ്ങനെ.

കേരളക്കരയ്ക്ക് ചിത്ര മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ്. തമിഴർക്ക് ചിന്ന കുയിൽ, ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി… പാടിയ ഭാഷകളിലെല്ലാം ആസ്വാദകരുടെ ഇഷ്ടം ഒരുപോലെ കവരാൻ കഴിഞ്ഞു എന്നതും ചിത്രയെ വ്യത്യസ്തയാക്കുന്നു.

പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സർക്കാർ പുരസ്കാരം, തമിഴ്‌നാട്‌, ആന്ധ്രാ സർക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ… 243 ലേറെ അവാർഡുകൾ, വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങൾ.

കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എംജി.രാധാകൃഷ്ണനാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും.