വിവിധ തലങ്ങളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വക്കം; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിലെ ഏറ്റവും തലമുതിർന്ന നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

വൈഷമ്യമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എംപി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നു. വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും കോൺഗ്രസ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.