തിരുവനന്തപുരം. ജ്വല്ലറി ഉടമയെ കബളിപ്പിച്ച് 65 ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയ സംഭവത്തിൽ പൂജാരി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ചേർത്തല സ്വദേശി ആദി സൂര്യ നാരായണ വർമ്മ, സുഹൃത്ത് അരുൺ എന്നിവരാണ് പിടിയിലായത്. കർണ്ണാടകയിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പിടിയിലായത്.
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന സായ് ജ്വല്ലറിയിൽ നിന്നാണ് 65 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പ്രതികൾ തട്ടിയെടുത്തത്.
ഗഡുക്കളായി പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആറ്റിങ്ങൽ പാട്ടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ചേർത്തല സ്വദേശി ആദി സൂര്യ നാരായണ വർമ്മ, കിളിമാനൂർ സ്വദേശി അരുൺ എന്നിവരാണ് പ്രതികൾ. സ്വർണ്ണവുമായി മുങ്ങിയ പ്രതികൾ കർണാടക, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികൾ മൈസൂരുവിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പോലീസ് കർണാടകയിൽ അന്വേഷണം നടത്തിയത്. ഒടുവിൽ രഹസ്യ കേന്ദ്രത്തിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ ആറ്റിങ്ങലിൽ തന്നെയുള്ള മറ്റൊരു ജ്വല്ലറിയിൽ നിന്ന് പണം തട്ടിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.