തിരുവനന്തപുരം . മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് നാടിൻ്റെ അന്ത്യാഞ്ജലി. വക്കം പുരുഷോത്തമൻ്റെ ഭൗതികശരീരം ഇന്ന് വിവിധ ഇടങ്ങളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെയാണ് സംസ്കാരം.
കുമാരപുരത്തെ വസതിയിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം ഡി.സി.സിയിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെ കെ.പി.സി.സി ആസ്ഥാനത്താണ് പൊതുദർശനം. ശേഷം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ ഉച്ചയ്ക്ക് 1 30 മുതൽ പൊതുദർശനം ആരംഭിക്കും. വക്കം പുരുഷോത്തമൻ്റെ കർമ്മമണ്ഡലം ആയിരുന്നു ആറ്റിങ്ങൽ. അവിടെ നിന്നും വക്കത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10:30ന് വക്കത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. വക്കം പുരുഷോത്തമനോടുള്ള ആദരസൂചകമായി കെപിസിസി മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെയായിരുന്നു തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ വച്ച് വക്കം പുരുഷോത്തമൻ്റെ അന്ത്യം. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിൽ ആയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ വക്കത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ഇന്നലെ കുമാരപുരത്തെ വീട്ടിലെത്തിയിരുന്നു.