എറണാകുളം.ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിൽ കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ കടുത്ത വിമർശനവുമായി എറണാകുളം പോക്സോ കോടതി. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പോക്സോ കേസ് ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് കുറ്റകരം. ചിത്രങ്ങൾ ഉടൻ നിക്കണമെന്നും പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും പോലിസിന് കോടതിയുടെ കർശന നിർദേശം.
ആലുവയിലെ അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന്റെ ഇരയായി മരിച്ച സംഭവത്തിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് എറണാകുളം പോക്സോ കോടതിയുടെ രൂക്ഷ വിമർശനം. എന്ത് സാഹചര്യത്തിൽ ആയാലും കുട്ടിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചത് കുറ്റകരം. സമൂഹ മാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ പൊലീസ് നടപടി സ്വീകരിക്കണം. എത്രയും വേഗം ചിത്രങ്ങൾ നീക്കം ചെയ്യാൻ പൊതു നിർദേശം നൽകണമെന്നും കോടതിപറഞ്ഞു.
പ്രതിയെ ആലുവ മാർക്കറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ആളുകൾ ബഹളം വയ്ക്കുകയും പ്രതിയെ ഇറക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. കേസിൽ ആദ്യം മുതൽ തന്നെ പ്രതിയുടെ മുഖം മറക്കേണ്ടതായിരുന്നു എന്നുപറഞ്ഞ കോടതി പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും വിമർശന സ്വരത്തിൽ ചോദിച്ചു. പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കാനും പോലീസിന് നിർദേശം നൽകി.