പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും; വിലക്കയറ്റത്തിന് കാരണം ആന്ധ്രയടക്കം സംസ്ഥാനങ്ങളിലെ കയറ്റുമതി

Advertisement

കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ഓണമെത്തുമ്പോഴേക്കും വില റെക്കോർഡിഡുമെന്നാണ് കണക്കുകൂട്ടൽ. ഏറെ ഡിമാൻഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണയിൽ 35 രൂപയായിരുന്നെങ്കിൽ ഇന്നത് 40 ലെത്തി. ചില്ലറ വിപണിയിൽ അഞ്ചുരൂപയെങ്കിലും അധികം നൽകണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയിൽ നാലുരൂപയാണ് പതിനഞ്ച് ദിവസത്തിനകം കൂടിയത്. ബംഗാളിൽ നിന്നെത്തുന്ന സ്വർണക്കും സുരേഖയ്ക്കും വില കൂടിയിട്ട് മാസമൊന്നായി. അരി കയറ്റുമതി കൂടിയതും വിദേശവിപണിയിൽ നല്ല വിലകിട്ടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം.

വിലക്കയറ്റമുണ്ടെങ്കിലും കോഴിക്കോടുൾപ്പെടെയുളള വിപണിയിൽ അരിക്ക് ക്ഷാമമില്ല. ഓണക്കാലമാകുമ്പോഴേക്കും ആവശ്യക്കാർ കൂടും. നിലവിലെ സ്ഥിതി തുടർന്നാൽ ക്ഷാമമുണ്ടായേക്കും. മൊത്തവിപണിയിലുൾപ്പെടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിടപെടലാണ് കച്ചവടക്കാരുടെ ആവശ്യം. പയറുൾപ്പെടെയുളള ധാന്യങ്ങളെ നിലവിൽ വിലക്കയറ്റം കാര്യമായി ബാധിച്ചില്ലെന്നതുമാത്രമാണ് ആശ്വാസം.

ഇനം വില (ബ്രായ്ക്കറ്റിൽ ചില്ലറ വിപണി )

പൊന്നി 47 (52)
സ്വർണ 38 (42)
ജയ 40 (45)
കുറുവ 40 (44)
പച്ചരി 42 (46)
മട്ട 44 (50)