എം ശിവശങ്കറിനു രണ്ട് മാസം ജാമ്യം അനുവദിച്ചു സുപ്രീം കോടതി

Advertisement

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു സുപ്രീം കോടതി 2 മാസം ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്.

കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണം ആശുപത്രിയിൽ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിനു ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ചൂണ്ടിക്കാട്ടി. ശിവശങ്കർ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്നു രേഖകൾ പരിശോധിച്ചു കോടതി വ്യക്തമാക്കി. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി. 

യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.