സ്പീക്കർ എ എൻ ഷംസീർ മാപ്പു പറയണമെന്ന എൻ എസ് എസ് ആവശ്യം സി പി എം തളളി,ശബരിമല വിശ്വാസ സംരക്ഷണ വിഷയത്തിനു ശേഷം എൻ എസ് എസും സിപിഐ എമ്മും വീണ്ടും നേർക്കുനേർ

Advertisement

തിരുവനന്തപുരം.വിവാദ പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പു പറയണമെന്ന എൻ എസ് എസ് ആവശ്യം സി പി എം തളളി. എ എൻ ഷംസീറും എൻ എസ് എസ് ആവശ്യം തള്ളിയിട്ടുണ്ട്. മാപ്പുമില്ല തിരുത്തുമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം. മാപ്പു പറയണമെന്ന ആവശ്യം ഇരുവരും തള്ളിയതിനാൽ ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു


ശബരിമല വിശ്വാസ സംരക്ഷണ വിഷയത്തിനു ശേഷം എൻ എസ് എസും സിപിഐ എമ്മും വീണ്ടും നേർക്കുനേർ . സ്പീക്കർ എഎൻ ഷംസീറിൻ്റെ പരാമർശത്തെ ചൊല്ലിയാണ് ഇത്തവണ കൊമ്പുകോർക്കൽ . പരാമർശം വിശ്വാസികളെ മുറിവേൽപ്പിച്ചെന്ന് ജി സുകുമാരൻ നായർ

മണിക്കൂറുകൾക്കകം ജി സുകുമാരൻ നായരെ വിമർശിച്ച് സിപിഎം നേതാവ് എ കെ ബാലൻ രംഗത്തെത്തി. ബാലൻ പിന്നാലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഊഴമായിരുന്നു സംശയത്തിനിടയില്ലാത്തവിധം എന്‍എസ്എസിന്‍റെ ആവശ്യം എംവി ഗോവിന്ദന്‍ തള്ളി. വൈകാതെ ജി സുകുമാരൻ നായരുടെ നിലപാട് തളളി സ്പീക്കർ എ എൻ ഷംസീറും രംഗത്തെത്തി.

എം വി ഗോവിന്ദനും എ എൻ ഷംസീറും എൻ എസ് എസ് നിലപാട് തള്ളിയതോടെ സർക്കാർ നിലപാട് അറിയട്ടെ എന്നായി ജി സുകുമാരൻ നായർ. ഷംസീറിൻ്റേത് ഉരുണ്ടു കളിയാണ്. സർക്കാർ നിലപാടും ഇതേ നിലയിലാണെങ്കിൽ പ്രശ്ന പരിഹാരത്തിന് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി മുന്നറിയിപ്പു നൽകി.

മറ്റ് പ്രബല സമുദായങ്ങള്‍ രംഗത്തുവരാഞ്ഞതും നായര്‍ സമുദായത്തില്‍നിന്നുപോലും ചിലയിടത്തുനിന്നും അനുകൂല നിലപാട് ലഭിച്ചതുമാണ് സിപിഎമ്മിന്‍റെ ധൈര്യം.


വിവാദ പരാമർശത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും നിലപാട് മയപ്പെടുത്താൻ തയ്യാറായിട്ടില്ല . അതിനാൽ ഈ വിഷയം വരും ദിവസങ്ങളിലും സജീവമായി തുടരുമെന്ന് ഉറപ്പാണ്

Advertisement