നൗഷാദ് തിരോധാന കേസിൽ പൊലീസ് കുത്തിപ്പൊളിച്ച പരുത്തി പാറയിലെ വീട് നന്നാക്കി തരണമെന്ന ആവശ്യവുമായി വീട്ടുടമ ബിജുകുമാര്‍

Advertisement

അടൂര്‍. കലഞ്ഞൂർ നൗഷാദ് തിരോധാനം അന്വേഷിക്കുന്നതിനിടെ പൊലീസ് കുത്തിപ്പൊളിച്ച പരുത്തി പാറയിലെ വീട് നന്നാക്കി തരണമെന്ന ആവശ്യവുമായി വീട്ടുടമ ബിജുകുമാർ . തെളിവെടുപ്പിന്റെ പേരിൽ വീട്ടിലെ നിലം കുത്തിപ്പൊളിച്ച പൊലീസ് പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. അതേ സമയം പൊലീസ് മർദിച്ച് കൊലക്കുറ്റം ഏൽക്കാൻ നിർബന്ധിച്ചെന്ന അഫ്സാനയുടെ വെളിപ്പെടുത്തലിൽ പൊലീസിന്റെ വകുപ്പ് തല അന്വഷണ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കും.

നൗഷാദിന്റെ മൃതദേഹം വീടിനകത്ത് കുഴിച്ചിട്ടു എന്ന് അഫ്‌സാനയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് പരുത്തി പാറയിലെ വാടക വീട് പൊലീസ് കുത്തിപ്പൊളിച്ചിട്ടത്. മൃതശരീരം കിട്ടാതെ വന്നതോടെ തെരച്ചിൽ മതിയാക്കി പൊലീസ് മടങ്ങി. പക്ഷെ വീട് താമസയോഗ്യമല്ലാതായി

എന്തായാലും നഷ്ടപരിഹാരം വേണം. ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതി നൽകും. വീട്ടുടമ ബിജുകുമാർ പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് വീട് വാടകക്ക് നൽകിയാണ് ബിജുകുമാർ ജീവിക്കുന്നത്. അതേസമയം പൊലീസ് കൊലക്കുറ്റമേൽക്കാൻ മർദിച്ചെന്ന അഫ്സാനയുടെ വെളിപ്പെടുത്തലിൽ വകുപ്പ് തല അന്വേഷണം ഏതാണ്ട് പൂർത്തിയായി. റിപ്പോർട്ട് അന്വേഷണ ചുമതലയുള്ള എ എസ് പി ഉടൻ തന്നെ നൽകിയേക്കും . എന്നാൽ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് നൽകുന്നതെങ്കിൽ നിയമ നടപടി ഉടനെന്നാണ് അഫ്സാനയുടേയും കുടുംബത്തിന്റെയും നിലപാട്.

Advertisement