മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം പിന്നിടുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന കെ.എം. ബഷീറിന്റെ ബൈക്കില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയിലോടിച്ച കാര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബഷീറിലേക്ക് മാത്രമല്ല, ഒരു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളിലേക്കുമാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇരമ്പിരകയറിയത്. മലപ്പുറം വാണിയന്നൂരില്‍ നിന്നാണ് ബഷീര്‍ ജോലിക്കായി തലസ്ഥാനത്തെത്തുന്നത്. സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫായിരുന്ന ബഷീര്‍ അന്നേ ദിവസം രാത്രി ജോലികളെല്ലാം തീര്‍ത്ത് താമസ സ്ഥലത്തേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത് ജൂലൈ മാസം പകുതിയോടെയായിരുന്നു.
സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി അംഗീകരിച്ചുകൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഇത്തരത്തില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിധിക്കെതിരെയാണ് ഇപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.